അകാലി ദളിന്റെ ഈ നീക്കം വിജയം കണ്ടാല്‍ ബി.ജെ.പിക്കേല്‍ക്കുന്നത് കനത്ത പ്രഹരം; എന്‍.ഡി.എക്കെതിരെ സംയുക്ത നീക്കത്തിന് അരങ്ങൊരങ്ങുന്നു

0
223

ന്യൂദല്‍ഹി: കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്കെതിരെ സംയുക്ത രാഷ്ട്രീയ മുന്നണി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്നണി രൂപീകരിക്കാന്‍ ശിരോമണി അകാലിദള്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ചുതുടങ്ങിയതായാണ് പുറത്തുവരുന്നറിപ്പോര്‍ട്ടുകള്‍.

മുന്‍ എം.പി പ്രേം സിംഗ് ചന്തുമാജ്രയുടെ നേതൃത്വത്തിലുള്ള എസ്.എ.ഡിയുടെ പ്രതിനിധി സംഘം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമത ബാനര്‍ജിയെ ശനിയാഴ്ച സന്ദര്‍ശിച്ചു.

എന്‍.സി.പി പ്രസിഡന്റ് ശരദ് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എന്നിവരുമായി ചന്തുമാജ്ര ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

”എന്‍.ഡി.എ സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിനെതിരെ നാം ഒത്തുചേരേണ്ടതുണ്ടെന്നാണ് എല്ലാ പ്രാദേശിക പാര്‍ട്ടികളും കരുതുന്നത്. ഫെഡറല്‍ ഘടനയ്ക്കെതിരായ ആക്രമണം ഒഴിവാക്കാന്‍ ഇത് സമയത്തിന്റെ ആവശ്യകതയാണ്,” ചന്തുമാജ്ര പറഞ്ഞു.

സംയുക്ത മുന്നണി വേണമെന്ന ആവശ്യം പ്രാദേശിക പാര്‍ട്ടികള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അകാലി ദള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബിജു ജനതാ ദള്‍ നേതാക്കളെയും സന്ദര്‍ശിച്ചിരുന്നു.

മുന്നണി രൂപീകരണത്തെ കുറിച്ചുള്ള സംയുക്ത പ്രസ്താവന ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തുന്ന സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here