കോവിഡ് 19 എന്ന മഹാമാരി ലോകം അടക്കി വാണപ്പോള്‍ കായിക മേഖലയും മുഴുവനായി സ്തംഭിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ക്രിക്കറ്റില്‍ ടി20 ലോക കപ്പ് അടക്കം പല പ്രമുഖ പരമ്പരകളും മാറ്റിവെയ്ക്കുകയും ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം ക്രിക്കറ്റ് ലോകം ഒരുപിടി മികച്ച താരങ്ങളുടെ വിരമിക്കലിനും സാക്ഷ്യം വഹിച്ചു.
ഇര്‍ഫാന്‍ പത്താന്‍ (ഇന്ത്യ)
2020 ജനുവരി നാലിനാണ് 35ാം വയസില്‍ ഇര്‍ഫാന്‍ പഠാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 29 ടെസ്റ്റില്‍ കളിച്ച പത്താന്‍ 100 വിക്കറ്റും 1105 റണ്‍സും, 120 ഏകദിനങ്ങളില്‍ നിന്ന് 1544 റണ്‍സും 173 വിക്കറ്റും, 24 ടി20 മത്സരങ്ങളില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റുകളും വീഴ്ത്തി. 19ാം വയസ്സില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു പത്താന്റെ അരങ്ങേറ്റം.
2003 ഡിസംബറില്‍ ടെസ്റ്റിലും 2004 ജനുവരിയില്‍ ഏകദിനത്തിലും പഠാന്‍ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡനായിരുന്നു പത്താന്റെ ആദ്യ ഇര. ആദ്യത്തെ പരമ്പരയോടെ തന്നെ പഠാന്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറിയിരുന്നു.
2007-ലെ ഇന്ത്യയുടെ ടി20 ലോക കപ്പ് വിജയത്തിലും നിര്‍ണായക പങ്കുവഹിച്ച പത്താനെ ഗ്രെഗ് ചാപ്പല്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതോടെ സ്വിംഗും വേഗവും നഷ്ടമായി ഒടുവില്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് പലപ്പോഴായി ടീമില്‍ തിരിച്ചെത്തിയെങ്കിലും പഴയ വേഗവും സ്വിംഗും തിരിച്ചുപിടിക്കാന്‍ പത്താനായില്ല.
എം.എസ് ധോണി (ഇന്ത്യ)
2019 ലോക കപ്പിന് ശേഷം ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന എം.എസ് ധോണി ഓഗസ്റ്റ് 15-നാണ് വിരമിച്ചത്. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍, സ്റ്റമ്പുകള്‍ക്ക് പിന്നിലെ വിശ്വസ്തനായ കീപ്പര്‍, 2007- ലും 2011- ലും ഇന്ത്യയെ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ തുടങ്ങിയ വിശേഷണങ്ങളേറി നില്‍ക്കവേയാണ് ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മല്‍സരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റില്‍നിന്ന് 2014-ല്‍ തന്നെ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റില്‍നിന്നുള്ള വിരമിക്കല്‍. 90 ടെസ്റ്റുകളില്‍നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സ് നേടി. ഇതില്‍ ആറു സെഞ്ച്വറിയും 33 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ടെസ്റ്റില്‍ 256 ക്യാച്ചുകളും 38 സ്റ്റമ്പിങ്ങുകളുമുണ്ട്.
350 ഏകദിനങ്ങളില്‍നിന്ന് 50.57 റണ്‍ ശരാശരിയില്‍ 10,773 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ച്വറിയും 73 അര്‍ദ്ധ സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. കരിയറിന്റെ തുടക്കക്കാലത്ത് ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ നേടിയ 183 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 321 ക്യാച്ചുകളും 123 സ്റ്റമ്പിങ്ങുകളുമുണ്ട്.
98 ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 37.60 റണ്‍ ശരാശരിയില്‍ 1617 റണ്‍സും ധോണി നേടി. ഇതില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്. ട്വന്റി20യില്‍ 57 ക്യാച്ചുകളും 34 സ്റ്റമ്പിങ്ങും ധോണിയുടെ പേരിലുണ്ട്.
സുരേഷ് റെയ്‌ന (ഇന്ത്യ)
എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിക്കറ്റ് മതിയാക്കി സുരേഷ് റെയ്‌ന ഇന്ത്യയെ ഞെട്ടിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും വിരമിക്കല്‍. 33-കാരനായ റെയ്ന ഇന്ത്യക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
18 ടെസ്റ്റുകളില്‍ നിന്നായി 768 റണ്‍സാണ് റെയ്നയുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഏഴ് അര്‍ദ്ധ സെഞ്ച്വറിയും നേടി. 226 ഏകദിനങ്ങളില്‍ നിന്നായി 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ച്വറികളും 36 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 78 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സാണ് റെയ്ന അടിച്ചത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധസെഞ്ച്വറിയും നേടിയിട്ടുണ്ട്.
2018-ല്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്ന അവസാനമായി ഇന്ത്യക്കായി ബാറ്റേന്തിയത്. അതിന് ശേഷം റെയ്ന ടീമിന് പുറത്തായിരുന്നു. ബാറ്റിങ്ങില്‍ ഫോം നിലനിര്‍ത്താന്‍ റെയ്നക്കാവാതിരുന്നതാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. എന്നിരുന്നാലും ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് റെയ്‌ന കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.
വസിം ജാഫര്‍ (ഇന്ത്യ)
രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിനാണ് വസിം ജാഫര്‍ തിരശ്ശീലയിട്ടത് ഈ വര്‍ഷം മാര്‍ച്ചിലാണ്. ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ച ജാഫര്‍, രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം സാദ്ധ്യമാകാതെയാണ് കരിയറിന് വിരാമമിട്ടത്. ടെസ്റ്റില്‍ 58 ഇന്നിങ്‌സില്‍നിന്ന് അഞ്ച് സെഞ്ച്വറിയും 11 അര്‍ദ്ധ സെഞ്ച്വറിയും നേടിയിട്ടും ജാഫറിന്റെ രാജ്യാന്തര കരിയര്‍ 31 ടെസ്റ്റുകളില്‍ ഒതുങ്ങിപ്പോയത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഷ്ടമാണ്. ടെസ്റ്റില്‍ 58 ഇന്നിംഗ്സുകളില്‍നിന്ന് 34.10 ശരാശരിയില്‍ 1944 റണ്‍സാണ് സമ്പാദ്യം. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരേയൊരു ഇന്നിങ്‌സില്‍ മാത്രം പന്തെറിഞ്ഞ ജാഫര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.
ആഭ്യന്തര തലത്തില്‍ 260 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 118 ലിസ്റ്റ് എ മത്സരങ്ങളും 23 ട്വന്റി20 മത്സരങ്ങളും കളിച്ചു. രഞ്ജി ട്രോഫിയില്‍ 12,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമാണ്. ആഭ്യന്തര കരിയറില്‍ ഭൂരിഭാഗവും മുംബൈയ്ക്കായി കളിച്ച ജാഫര്‍, അവസാന ഘട്ടത്തില്‍ വിദര്‍ഭയിലേക്കു കൂടുമാറി. രഞ്ജിയില്‍ 150 മത്സരം പൂര്‍ത്തിയാക്കിയ ആദ്യ താരം കൂടിയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 260 മത്സരങ്ങളില്‍നിന്ന് 50.67 ശരാശരിയില്‍ 19,410 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 57 സെഞ്ച്വറികളും 91 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
പാര്‍ഥിവ് പട്ടേല്‍ (ഇന്ത്യ)
17ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പാര്‍ഥിവ് പട്ടേലും വിരമിച്ച വര്‍ഷമാണിത്. ഡിസംബര്‍ 9-നായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യന്‍ ടീമില്‍ സജീവമല്ലായിരുന്നെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ അദ്ദേഹം നിറസാന്നിദ്ധ്യമായിരുന്നു. ഐപിഎല്ലില്‍ അവസാന സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമായിരുന്നു പാര്‍ഥിവ്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.
പതിനേഴാം വയസില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 2002ലാണ് പാര്‍ഥിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹന്നസ് ബര്‍ഗിലാണ് അദ്ദേഹം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്.
25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 31.13 ശരാശരിയോടെ 934 റണ്‍സ് നേടിയിട്ടുണ്ട്. ആറ് അര്‍ദ്ധ സെഞ്ച്വറികള്‍ സഹിതമാണിത്. 38 ഏകദിനങ്ങളില്‍ നിന്ന് 23.74 ശരാശരിയോടെ 736 റണ്‍സ് നേടി. നാല് അര്‍ദ്ധ സെഞ്ച്വറികളാണ് ഏകദിനത്തില്‍ പാര്‍ഥിവിന് സ്വന്തമായിട്ടുള്ളത്. 95 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയ്ക്കായി രണ്ട് ടി 20 മത്സരങ്ങള്‍ മാത്രം കളിച്ച പാര്‍ഥിവ് 36 റണ്‍സാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 194 കളികളില്‍ നിന്ന് 11,000 റണ്‍സ് നേടിയിട്ടുണ്ട്.
പ്രഗ്യാന്‍ ഓജ (ഇന്ത്യ)
ഇടക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്പിന്‍മുഖമായിരുന്ന മുപ്പത്തിമൂന്നുകാരനായ പ്രഗ്യാന്‍ ഓജ ഈ വര്‍ഷം ഫെബ്രുവരിയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള താരമാണ് ഓജ. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാര്‍, ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ക്കായും ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചിട്ടുണ്ട്.
24 ടെസ്റ്റുകളില്‍നിന്ന് 113 വിക്കറ്റുകളാണ് ഓജയുടെ സമ്പാദ്യം. അഞ്ചു തവണ ഏഴു വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകള്‍ സ്വന്തമാക്കി. 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി20യില്‍ ആറു മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 108 മത്സരങ്ങളില്‍നിന്ന് 424 വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 103 മത്സരങ്ങളില്‍നിന്ന് 123 വിക്കറ്റും 142 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 156 വിക്കറ്റുകളും എറിഞ്ഞിട്ടു.
2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു അവസാന രാജ്യാന്തര മത്സരം. ഓജയുടെ കരിയറിലെ ഒരേയൊരു 10 വിക്കറ്റ് നേട്ടം ഈ മത്സരത്തിലായിരുന്നു. 2018 നവംബറിലാണ് അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചത്.
സുബ്രമണ്യ ബദരിനാഥ്, സുദീപ് ത്യാഗി (ഇന്ത്യ)
ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്നില്ലെങ്കിലും ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷയായിരുന്ന താരങ്ങളാണ് സുബ്രമണ്യ ബദരിനാഥും സുദീപ് ത്യാഗിയും. സിഎസ്‌കെയിലൂടെ ഐപിഎല്ലില്‍ തിളങ്ങിയ ബദരിനാഥും പേസ് ബൗളര്‍ സുദീപ് ത്യാഗിയും ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയവരാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ബദരിനാഥ്.
വെര്‍നോണ്‍ ഫിലാന്‍ഡര്‍ (ദക്ഷിണാഫ്രിക്ക)
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള തന്റെ തലമുറയിലെ മികച്ച ഫാസ്റ്റ് ബോളര്‍മാരില്‍ ഒരാളായിരുന്നു വെര്‍നോണ്‍ ഫിലാന്‍ഡര്‍. ദക്ഷിണാഫ്രിക്കയ്ക്കായി 64 ടെസ്റ്റുകള്‍ കളിച്ച ഇന്നിംഗ്സില്‍ 13 അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് പത്ത് വിക്കറ്റ് നേട്ടവും ഉള്‍പ്പെടെ 224 വിക്കറ്റുകള്‍ വീഴ്ത്തി. ബോളിംഗ് ശരാശരി 22.32. ഐ.സി.സി റാങ്കിങ്ങില്‍ 2012ല്‍ സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനം പിടിച്ചപ്പോള്‍ ഫിലാന്‍ഡര്‍ ടീമിലുണ്ടായിരുന്നു.
ഇയാന്‍ ബെല്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു. ദേശീയ ടീമില്‍ അഞ്ച് വര്‍ഷമായി സജീവമല്ലാത്ത ബെല്‍ ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റോടെയാണ് കളിജീവിതം അവസാനിപ്പക്കുകയാണെന്ന അറിയിച്ചത്. 38 കാരനായ ബെല്‍ 2015 ലാണ് ഇംഗ്ലണ്ട് ജഴ്സിയില്‍ അവസാനമായി കളിച്ചത്. ഇംഗ്ലണ്ടിന്റെ ക്ലാസിക് ബാറ്റ്സ്മാന്‍മാരുടെ പട്ടികയിലാണ് ബെല്ലിന്റെ സ്ഥാനം.
2004 ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 118 ടെസ്റ്റില്‍ നിന്ന് 7727 റണ്‍സും 161 ഏകദിനങ്ങളില്‍ നിന്ന് 5416 റണ്‍സും 28 ടി-20യില്‍ നിന്ന് 188 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ എന്നറിയപ്പെടുന്ന ബെല്‍ അഞ്ച് ആഷസ് കിരീടങ്ങള്‍ നേടിയ ടീമില്‍ അംഗമായിരുന്നു.
മാര്‍ലോണ്‍ സാമുവല്‍സ് (വിന്‍ഡീസ്)
2012 ലും 2016 ലും നടന്ന രണ്ട് ലോക ടി 20 ഫൈനലുകളില്‍ വെസ്റ്റ് ഇന്‍ഡീസിനായി ടോപ് സ്‌കോററായ താരമാണ് മാര്‍ലോണ്‍ സാമുവല്‍സ്. നവംബര്‍ 4 നായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. 2012 ടി20 ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരേ 56 പന്തില്‍ നിന്ന് 78 റണ്‍സെടുത്ത സാമുവല്‍സ് 2016ലെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ 66 പന്തില്‍ നിന്ന് 85 റണ്‍സെടുത്തിരുന്നു.
വിന്‍ഡീസിനായി 71 ടെസ്റ്റുകളും 207 ഏകദിനങ്ങളും 67 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 3917 റണ്‍സും ഏകദിനത്തില്‍ 5606 റണ്‍സും ട്വന്റി 20-യില്‍ 1611 റണ്‍സുമാണ് സമ്പാദ്യം. 2018 ഡിസംബറിനു ശേഷം സാമുവല്‍സ് കളത്തിലിറങ്ങിയിട്ടില്ല.
മുഹമ്മദ് ആമിര്‍ (പാകിസ്ഥാന്‍)
വിവാദങ്ങളുടെ തോഴനായ മികച്ച പാക് ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ആമിര്‍ ഡിസംബര്‍ 17 നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഇരുപത്തെട്ടാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റ് തന്നെ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ആമിര്‍ തീരുമാനിച്ചത്.
ഇപ്പോഴത്തെ ടീം മാനേജ്‌മെന്റിന്റെ മോശം ഇടപെടല്‍ നിമിത്തം വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നെന്നാണ് ആമിര്‍ വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞിട്ടുള്ളത്. ഇടക്കാലത്ത് ഒത്തുകളി വിവാദത്തില്‍പ്പെട്ട് ജയില്‍ശിക്ഷ പോലും അനുഭവിച്ച മുഹമ്മദ് ആമിര്‍, അഞ്ച് വര്‍ഷത്തോളം ക്രിക്കറ്റില്‍നിന്ന് വിലക്കപ്പെട്ടിരുന്നു. അതിനുശേഷം കളത്തിലേക്ക് തിരിച്ചെത്തി പാക്കിസ്ഥാന്‍ ടീമിലും ഇടംപിടിക്കാന്‍ ആമിറിന് കഴിഞ്ഞു. 2009 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച ആമിര്‍, 2019 ഒക്ടോബറില്‍ ശ്രീലങ്കയ്ക്കെതിരെ തന്നെയാണ് അവസാന മത്സരം കളിച്ചത്.
മുപ്പത് ശരാശരിയില്‍ പാകിസ്ഥാന് വേണ്ടി 36 ടെസ്റ്റുകളില്‍ നിന്ന് ആമിര്‍ സ്വന്തമാക്കിയത് 119 വിക്കറ്റുകളാണ്. ഏകദിന ക്രിക്കറ്റില്‍ 61 മത്സരങ്ങളില്‍ നിന്ന് 81 വിക്കറ്റും 50 ടി20 കളില്‍ നിന്നായി 59 വിക്കറ്റും നേടി ആമിര്‍ നേടി. 2009 ല്‍ പാകിസ്ഥാന്‍ കിരീടം നേടിയ ടി20 ടീമിലും 2017 ലെ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ടീമിലും ആമിറും അംഗമായിരുന്നു.