മംഗളൂരു : 15 വർഷം മുൻപ് മംഗളൂരുവിൽ നടന്ന അക്രമക്കേസിൽ പ്രതിയായ മലയാളിയെ അറസ്റ്റ് ചെയ്തു. കാസർകോട് മധൂർ മീപ്പുഗിരിയിലെ പ്രവീണി(40)നെയാണ് മംഗളൂരു പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
2005-ലായിരുന്നു കേസിനാസ്പദമായ സംഭവം. മംഗളൂരുവിലെ ബസ് കണ്ടക്ടറെ ആക്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തിൽ നാലുപേർ നേരത്തേ പിടിയിലായിരുന്നു. പ്രവീണിന് 25 വയസ്സുള്ളപ്പോൾ ഇയാളടക്കം അഞ്ചുപേർ ചേർന്ന് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. മറ്റു പ്രതികൾ പിടിയിലായെങ്കിലും പ്രവീൺ 15 വർഷമായി ഒളിവിലായിരുന്നു.
പഴയ കേസുകൾ തിരയുന്നതിനിടെ ഈ കേസ് ശ്രദ്ധയിൽപ്പെട്ട നിലവിലെ മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ വികാസ് കുമാർ രൂപവത്കരിച്ച പ്രത്യേക സംഘമാണ് പ്രവീണിനെ അറസ്റ്റുചെയ്തത്.