സ്‌കൂളുകള്‍ ജനുവരിയില്‍ തന്നെ തുറക്കും; ആദ്യം 10, 12 ക്ലാസുകള്‍, താഴ്ന്ന ക്ലാസുകളിലെ പരീക്ഷ ഒഴിവാക്കും, നിര്‍ണായകയോഗം 17ന്

0
344

തിരുവനന്തപുരം: ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജനുവരിയില്‍ തുറക്കുമെന്ന് സൂചന. സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത തല യോഗം 17ന് നടക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കും.

പൊതു പരീക്ഷയ്ക്കു തയാറാവേണ്ട പത്ത്, പന്ത്രണ്ട് വിദ്യാര്‍ഥികള്‍ക്കായി ജനുവരി ആദ്യവാരം തന്നെ ക്ലാസുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഒന്‍പതു വരെയും പതിനൊന്നും ക്ലാസുകളുടെ കാര്യത്തില്‍ പിന്നീടേ തീരുമാനമെടുക്കൂ. പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികളെ പൊതുപരീക്ഷയ്ക്ക് തയാറാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉന്നതര്‍ പറയുന്നു.

താഴെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താഴെയുള്ള ക്ലാസുകള്‍ കൂടി തുടങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. ്അതേസമയം അക്കാദമിക് വര്‍ഷം ക്ലാസുകള്‍ പൂര്‍ണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.

കോവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകള്‍ തുറക്കുന്ന കാര്യം 17ലെ യോഗം ചര്‍ച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ പറഞ്ഞു. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരിയില്‍ തന്നെ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി ചര്‍ച്ച നടത്തും. ഇവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here