തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങള്‍ സജീവമാകുന്നുവെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് മണ്ണ്- മയക്കുമരുന്നു- വട്ടിപ്പലിശ സംഘങ്ങള്‍ സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. ഗുണ്ടളെ കാപ്പാ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
കൊവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും, പൊലീസ് കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ വ്യാപൃതരാവുകയും ചെയ്തതാണ് ഗുണ്ടാ സംഘങ്ങള്‍ തലപൊക്കാൻ കാരണമായത്. വിവിധ ജില്ലകളിൽ നിന്നും ശേഖരിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പ്രത്യേക ജാഗ്രത വേണമെന്ന് ഇൻറലിജൻസ് മേധാവി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. തലസ്ഥാനത്തെ ഗുണ്ടകളുടെ ഒത്തു ചേരലും സാമൂഹിക വിരുദ്ധ ഇടപെടലുകളും ഡിജിപിയ്ക്കുള്ള റിപ്പോർട്ടിൽ പ്രത്യേകം ചൂണ്ടികാണിക്കുന്നുണ്ട്.
കൊവിഡ് നിയന്ത്രണത്തിൻറെ ഭാഗമായി ഗുണ്ടകള്‍ കൂട്ടത്തോടെ ജയിലുകളിൽ നിന്നും ജാമ്യവുമായി ഇറങ്ങിയപ്പോഴും ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്യാൻ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ മാസമാണ് ജില്ലാ പൊലീസ് മേധാവിമാരോട് നിർദ്ദേശിച്ചത്. പക്ഷെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് തലപ്പത്തെ വിലയിരുത്തൽ. ഗുണ്ടകളെ അമർച്ച ചെയ്യാനായി പ്രത്യേക പരിശീലനം നൽകിയ സംഘങ്ങളെ എല്ലാ ജില്ലകളിലും നിയോഗിച്ചിരുന്നു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ ശേഷം പല ജില്ലാ പൊലീസ് മേധാവിമാരും ഈ ഷാഡോ സംഘങ്ങളെ പിരിച്ചുവിട്ടു. ഇതാണ് ഗുണ്ടാ സംഘങ്ങൾ ശക്തമാകാനുള്ള മറ്റൊരു കാരണം