ദില്ലി: രാജ്യത്തെ വിവിധ വാഹന രേഖകളുടെ കാലാവധി 2021 മാര്‍ച്ച് 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2020 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നത്.
മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988, സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ്, 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റുകൾ, ലൈസൻസുകൾ, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റ് രേഖകളുടെ സാധുത ഇതോടെ മാര്‍ച്ച് 31 വരെ നീളും. കാലാവധി പൂര്‍ത്തിയായ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവ പുതുക്കാന്‍ ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ ഇത് നീട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.