സംസ്ഥാനത്തെ വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ശ്രേണി സര്‍ക്കാര്‍ വിപുലീകരിച്ചതായി റിപ്പോര്‍ട്ട്. 58 നമ്പരുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഫാന്‍സി നമ്പര്‍ശ്രേണി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നികുതി വരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. ആവശ്യക്കാര്‍ ഏറെയുള്ള നമ്പരുകളാണ് ഈ വിഭാഗത്തിലേക്ക് മാറ്റിയത്.
അഞ്ചുവിഭാഗങ്ങളായാണ് ഫാന്‍സി നമ്പര്‍ ശ്രേണി. ഇതില്‍ ആദ്യവിഭാഗങ്ങളില്‍ കാര്യമായ മാറ്റമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. 10,000, 5,000 രൂപ ബുക്കിങ് ഫീസുള്ള അവസാനവിഭാഗത്തിലാണ് പുതിയവ ഉള്‍ക്കൊള്ളിച്ചത്. 10,000 രൂപ നല്‍കേണ്ട വിഭാഗത്തില്‍ 10, 55, 77, 8118 എന്നീ നമ്പരുകളാണ് കൂട്ടിച്ചേര്‍ത്തത്.
ശേഷിക്കുന്ന 51 നമ്പരുകളും 5000 രൂപയുടേതാണ്. ഇവയില്‍പെടാത്ത നമ്പരുകള്‍ ബുക്ക് ചെയ്യണമെങ്കില്‍ 3000 രൂപ അടയ്ക്കണം. ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ബുക്കുചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുകയടയ്ക്കണം. രാജ്യ വ്യാപക കേന്ദ്രീകൃത വാഹന രജിസ്‍ട്രേഷന്‍ പോര്‍ട്ടലായ വാഹനിലൂടെയാണ് പുതിയ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ ലഭിക്കുന്നത്. ലേലം വിളിയിലൂടെയാണ് ഫാന്‍സി നമ്പറുകള്‍ നല്‍കുക.