റൂർക്കി : റോഡുവക്കിൽ വഴക്കുകൂടുകയായിരുന്ന യുവതിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത പൊലീസ് പിടിച്ചത് പുലിവാൽ. ഏറെ നാളായി കാണാതായ ഭർത്താവിനെ ബസ് സ്റ്റാൻഡിനു മുൻവശത്ത് വച്ച് കണ്ടതോടെ നിയന്ത്രണം വിട്ട വീട്ടമ്മ ശകാരിച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ യുവാവ് തന്റെ ഭർത്താവാണെന്ന അവകാശമുന്നയിച്ച് ഒരു യുവതി കൂടി സ്‌റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസിന് സംഭവത്തിന്റെ ഗൗരവം മനസിലായത്. തുടർന്ന് പരാതിക്കാരിൽ നിന്നും വിവരങ്ങൾ തേടിയതോടെയാണ് പിടികൂടിയ യുവാവ് ചില്ലറക്കാരനല്ലെന്ന് പൊലീസിന് പിടികിട്ടിയത്.
ഉത്തർപ്രദേശിലെ മീററ്റിലെ മവാനയിലുള്ള യുവാവ് പത്ത് വർഷം മുൻപാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിലുള്ള യുവതിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് നാല് പെൺമക്കളുണ്ട്. എന്നാൽ നാല് വർഷം മുൻപ് ഭാര്യയുടെ ബന്ധത്തിലുള്ള മറ്റൊരു യുവതിയുമായി ഇയാൾ പ്രണയത്തിലാവുകയായിരുന്നു. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഭർത്താവിന്റെ അവിഹിതം കൈയ്യോടെ പൊക്കിയത്. ഇതേ തുടർന്ന് കുടുംബ കലഹമുണ്ടാവുകയും ഇരുവരും അകൽച്ചയിലാവുകയുമായിരുന്നു.
ഭാര്യയുമായി വഴക്കിട്ട് പിരിഞ്ഞതോടെ യുവാവ് കാമുകിയുമായി മീററ്റിലേക്ക് ഒളിച്ചോടുകയായിരുന്നു. നാലുമാസം മുൻപാണ് ഇയാൾ ഭാര്യയുടെ ബന്ധുവിനൊപ്പം വാടകയ്ക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. ഇതിനു ശേഷം ആദ്യമായി തന്റെ ഭർത്താവിനെ ബസ് സ്റ്റാൻഡിൽ വച്ച് കണ്ടതോടെയാണ് നിയന്ത്രണം വിട്ട് വീട്ടമ്മ വഴക്കിട്ടത്. എന്നാൽ രണ്ടാമത്തെ യുവതിയും ഭർത്താവാണെന്ന അവകാശമുന്നയിച്ച് എത്തിയതോടെ തീരുമാനമെടുക്കാതെ വലഞ്ഞത് പൊലീസായിരുന്നു. റൂർക്കി പൊലീസിന്റെ അന്വേഷണത്തിൽ യുവാവിന്റെ ജന്മസ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് മനസിലായി. ഇതിനാൽ തന്നെ ഇയാളെ മീററ്റ് പൊലീസിന് കൈമാറി തലയൂരാനാണ് റൂർക്കി പൊലീസിന്റെ തീരുമാനം.