മാവേലിക്കര : മാവേലിക്കര നഗരസഭയില്‍ നാടകീയ നീക്കങ്ങള്‍. സിപിഎം വിമതൻ വി. കെ ശ്രീകുമാറിനെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പിന്തുണ ബിജെപിക്കാണ്. ഇതോടെ യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമായി.
യുഡിഎഫിനൊപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് എല്‍ഡിഎഫ് വിമതനായ വി.കെ. ശ്രീകുമാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം ഭരണം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ആറ് മാസം ലഭിച്ചാല്‍ പോലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
28 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനും ബിജെപിക്കും ഒമ്പത് വീതം അംഗങ്ങളാണുള്ളത്. എട്ട് അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. എല്‍ഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച വി.കെ. ശ്രീകുമാര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച ബിനു സാമുവലിനെ ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമം.