ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിന് നേരെ കല്ലേറ്. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് നദ്ദയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രയോഗവും കല്ലേറും നടന്നത്. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയുടെ വാഹനവും പ്രതിഷേധക്കാര്‍ തകര്‍ത്തിട്ടുണ്ട്. വിജയവര്‍ഗിയക്ക് പുറമേ ബി.ജെ.പിയുടെ ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ വാഹനവും അക്രമിക്കപ്പെട്ടിട്ടു.
സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നാണ് ബി.ജെ.പി ആരോപണം. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്.
നദ്ദയുടെ സംസ്ഥാന സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായും പരിപാടികളില്‍ പൊലീസിന്‍റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും ദിലീപ് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി പതാകയും വടികളുമായ് തൃണമൂല്‍ പ്രവര്‍ത്തകര്‍ വഴി നീളെ ഞങ്ങളുടെ വാഹനങ്ങളെ അക്രമിച്ചു. കല്ലും ഇഷ്ടികയും അവര്‍ വാഹനത്തിന് നേരെ എറിഞ്ഞു. അക്രമത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പലയിടത്തും പൊലീസ് കഴ്ചക്കാരാകുകയായിരുന്നു. ദിലീപ് ഘോഷ് പറഞ്ഞു
എന്നാല്‍ ബി.ജെ.പിയുടെ ആരോപണങ്ങളെ നിഷേധിച്ച് തൃണമൂല്‍ എം.പി സൌഗതാ റോയ് രംഗത്ത് വന്നു. ബി.ജെ.പി അദ്ധ്യക്ഷന് യാത്ര ചെയ്യാന്‍ ഓരോ ഇഞ്ചിലും പൊലീസിനെ വിന്യസിക്കാനാവില്ല. നിലവിലെ സാഹചര്യങ്ങളില്‍ ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധം ഉണ്ടായിരിക്കാം. അതാണ് കാണാന്‍ സാധിച്ചത്. അദ്ദേഹം പ്രതികരിച്ചു.