ബിജെപിക്കായി 19 വയസ്സുകാര്‍ മത്സരിച്ചെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന നേതാവ്; 21 വയസാണ് കുറഞ്ഞപ്രായമെന്ന് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മീഡിയ

0
315

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസ് പ്രായമുള്ള ബിജെപി പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ മത്സരിച്ചെന്ന അവകാശവാദവുമായി മഹിളാ
മോര്‍ച്ച സംസ്ഥാന നേതാവ് സ്മിതാ മേനോന്‍. യുവാക്കളുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലായിരുന്നു സ്മിതാ മേനോന്റെ പരാമര്‍ശം. രാഷ്ട്രീയത്തോട് കേരളത്തിലെ യുവാക്കള്‍ക്ക് താല്‍പര്യമില്ലേ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് സ്മിത നല്‍കിയ മറുപടി ഇങ്ങനെ:

‘ബിജെപിയെ സംബന്ധിച്ച് യുവാക്കള്‍ പാര്‍ട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ മത്സരിച്ചവരില്‍ 19 വയസുള്ള കുട്ടികള്‍ വരെയുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം അദ്ദേഹം പല യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്ത്രീകളും യുവാക്കളും കൂടുതലായി മത്സരംരഗത്തേക്ക് വരണമെന്ന്. ഞങ്ങളുടെ ജില്ല പ്രസിഡന്റുമാര്‍ വരെ 50 വയസിന് താഴെയുള്ളവരാണ്. എല്ലാതരത്തിലും യുവാക്കള്‍ക്ക് പ്രധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്, മറ്റു പാര്‍ട്ടികളെ പോലെയല്ല. ഏറ്റവും കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വന്നിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി.’

സ്മിതയുടെ ഈ പരാമര്‍ശം അടങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നതോടെ ട്രോളന്‍മാര്‍ സംഭവം ഏറ്റെടുക്കുകയായിരുന്നു. മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞപ്രായം 21 ആണെന്ന് അറിയാത്തയാളാണോ മഹിള മോര്‍ച്ചയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നതെന്നും ഇവരുടെ ലോകവിവരത്തെക്കുറിച്ച് എന്ത് പറയാനാണെന്നും സോഷ്യല്‍മീഡിയയില്‍ ചോദ്യമുയര്‍ന്നു.
വിദേശകാര്യ സഹമന്ത്രിയുടെ ശിഷ്യയല്ലേ, ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here