തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ളക്സ് വെച്ച സംഭവത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.
ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. സംഭവത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് പാലക്കാട് എസ്.പി റിപ്പോര്‍ട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വര്‍ഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.
സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പ്രതികളാകും. പത്തോളം പേര് പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു.
തദ്ദേശ വോട്ടെണ്ണല്‍ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്.
പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു.
ഈ ബാനര്‍ പൊക്കുന്നത് ഏതെങ്കിലും അണ്ടിമുക്ക് ശാഖയിലല്ലെന്നും മറിച്ച് നഗരസഭയുടെ കെട്ടിടത്തിലാണെന്നും ഏത് പൗരനും തുല്യാവകാശമുള്ള ഒരു സെക്യുലര്‍ സ്ഥാപനത്തിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന് ഓര്‍ക്കണമെന്നാണ് ചില പ്രതികരണം.
ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും ഇവറ്റകളുടെ നിഴലടിച്ചാല്‍ കെട്ടുപോകുന്നത് എങ്ങനെ എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. മതരാഷ്ട്ര ഉന്മത്തതയുടെ പരിണിത ഫലമാണ് ഇമ്മാതിരി കലാപരിപാടികള്‍.
ഈ തീവ്രവാദികളില്‍ നിന്ന് എന്ത് വില കൊടുത്തും കേരളത്തെ സംരക്ഷിണം എന്നു കൂടി ഈ തെരഞ്ഞെടുപ്പ് ഫലം നമ്മളോട് പറയുന്നുണ്ട്. ഏത് മനുഷ്യനും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കേരളം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ചിലര്‍ സോഷ്യല്‍മീഡിയയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് പാലക്കാട് നഗരസഭ ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബി.ജെ.പി ജയിച്ചത്.
കഴിഞ്ഞതവണ 13 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇത്തവണ 12 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 9 സീറ്റുകളുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 6 ലേക്ക് ചുരുങ്ങി. വെയല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് ആണ് ഇവിടെ ലഭിച്ചത്. രണ്ട് യു.ഡി.എഫ് വിമതരും നഗരസഭയില്‍ വിജയിച്ചു.