ലക്നൗ: ലൗ ജിഹാദ് ആണെന്ന പ്രചാരണത്തെത്തുടർന്ന് മുസ്ലിം യുവാവിന്റെ വിവാഹം പൊലീസ് തടഞ്ഞു. വധുവിനെയും വരനെയും കസ്റ്റഡിയിലെടുത്ത പൊലീസ് വരനെ ലോക്കപ്പിലടയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഖുഷി നഗറിലാണ് സംഭവം.
ഹൈദർ അലി എന്ന യുവാവിന്റെ വിവാഹമാണ് പൊലീസ് തടഞ്ഞത്. ഇയാൾ ഹിന്ദുപെൺകുട്ടിയെ മതംമാറ്റിയശേഷം വിവാഹം കഴിക്കുന്നു എന്ന ഫോൺകോൾ ലഭിച്ചതോടെയാണ് പൊലീസ് പാഞ്ഞെത്തിയത്. വിവാഹം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പൊലീസ് വധുവിനെയും വരനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തങ്ങൾ ഒരേ സമുദായത്തിൽ പെട്ടവരാണെന്ന് പറഞ്ഞെങ്കിലും പൊലീസ് അതൊന്നും കാര്യമാക്കിയില്ല. ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസ് വരനെ ലോക്കപ്പിലടച്ചു. സ്റ്റേഷനിൽ വച്ച് തന്നെ പൊലീസുകാർ ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ചുവെന്നും ഹൈദർ അലി ആരോപിക്കുന്നു. വധുവിന്റെ സഹോദരൻ ഉൾപ്പടെയുളള ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി യുവതി മുസ്ളീമാണെന്നതിന് തെളിവുകൾ ഹാജരാക്കിയശേഷമാണ് ഇരുവരെയും വിട്ടയയ്ക്കാൻ പൊലീസുകാർ തയ്യാറായത്. കസ്റ്റഡിയിൽ നിന്ന് വിട്ടശേഷം ഇവരുടെ വിവാഹം നടന്നു.
അതേസമയം, വരനെ തങ്ങൾ മർദ്ദിച്ചുവെന്ന ആരോപണം പൊലീസ് നിഷേധിച്ചു. ലൗജിഹാദെന്ന പേരിൽ ഉത്തർപ്രദേശ് പൊലീസ് നേരത്തേയും ചില വിവാഹങ്ങൾ തടഞ്ഞിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയോടെ മുസ്ളീം യുവാവിനെ വിവാഹം കഴിക്കാനുളള ഹിന്ദു പെൺകുട്ടിയുടെ ശ്രമവും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞിരുന്നു.