കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. ദക്ഷണ കന്നഡയിലെ ബല്‍ത്താങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉജിറെയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 124 എ, 143 പ്രകാരമാണ് കേസെടുത്തതെന്ന് ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് മുദ്രാവാക്യം വിളിയുടെ 54 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.
അതേസമയം, പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എസ്ഡിപിഐ ബല്‍ത്താങ്ങാടി യൂണിറ്റ് നേതാവ് ഹൈദര്‍ അലി നിഷേധിച്ചു. പ്രവര്‍ത്തകര്‍ എസ്ഡിപിഐ സിന്ദാബാദ് എന്നാണ് വിളിച്ചതെന്നും പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചിട്ടില്ലെന്നും ഹൈദര്‍ അലി പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജന്മനാടിനെയാണ് സ്‌നേഹിക്കുന്നതെന്നും ശത്രുരാജ്യത്തെ പിന്തുണയ്ക്കില്ലെന്നും ഹൈദര്‍ അലി പറഞ്ഞു. സമാധാനഅന്തരീക്ഷം തകര്‍ക്കാന്‍ സ്വകാര്യ ചാനല്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തയാണിതെന്നും പ്രവര്‍ത്തകര്‍ പാക് അനുകൂലമുദ്രാവാക്യം വിളിച്ചിട്ടില്ലെന്നും എസ്ഡിപിഐ ജില്ലാ നേതാവ് പറഞ്ഞു. വ്യാജവാര്‍ത്തയ്‌ക്കെതിരെ പരാതി നല്‍കുമെന്നും നേതാവ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മുദ്രാവാക്യം ഉയര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ ഹരീഷ് കന്നഡ മാധ്യമങ്ങളോട് പറഞ്ഞു.