തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. മാർച്ച് രണ്ടാം വാരം വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടക്കും. സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച ചെയ്തശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ തിരഞ്ഞെടുപ്പു കമ്മിഷന് റിപ്പോർട്ട് നൽകും. അടുത്തയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ തലസ്ഥാനത്തെത്തി സർക്കാരുമായും വിവിധ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും.
പോളിങ് സ്റ്റേഷനുകളുടെ എണ്ണം വർധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രാമമേഖലകളിലെ ഒരു പോളിങ് സ്റ്റേഷനിൽ 1400 വോട്ടർമാർ ആയിരുന്നത് 1000 ആക്കിയിട്ടുണ്ട്. ആയിരം വോട്ടർമാരിലധികമുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം 15,000 നു മുകളിലാണ്. നിലവിലുള്ള 25,000 കൂടി ചേരുമ്പോൾ 45,000 പോളിങ് സ്റ്റേഷൻ വേണ്ടിവരും.
പോളിങ് സ്റ്റേഷനുകൾക്ക് കെട്ടിട സൗകര്യം ഉണ്ടോ എന്നു പരിശോധിക്കാൻ കലക്ടർമാർക്കു നിർദേശം നൽകി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യത്തിനു ജീവനക്കാരുണ്ടോ എന്നും പരിശോധിക്കും. ജീവനക്കാർ കുറവാണെങ്കിൽ മറ്റു ജില്ലകളിൽനിന്ന് ജീവനക്കാരെ എത്തിക്കും. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ പരമ്പരാഗതമായി ഒറ്റഘട്ട തിരഞ്ഞെടുപ്പ് മാറ്റി രണ്ട് ഘട്ടമാക്കാനാണ് ആലോചിക്കുന്നത്. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷം തീരുമാനമെടുക്കും. 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് ഏർപ്പെടുത്തും. കോവിഡ് രോഗികളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിജിപി മാറേണ്ടതില്ലെന്ന സൂചനയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് നൽകുന്നത്. ഒരേപദവിയിൽ മൂന്നു വർഷമായി തുടരുന്ന പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെ മാറ്റണമെന്ന ചട്ടം അനുസരിച്ച് ഡിജിപി മാറുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റേതായിരിക്കും.