‘നിന്നെപ്പോലുള്ളവര്‍ക്കാണ് ഈ നിയമം’; ഹിന്ദു യുവതിയെ ആക്രമിച്ച് ബജ്‌റംഗ്ദള്‍, മുസ്‌ലിം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു (വീഡിയോ)

0
194

മൊറാദാബാദ്: ‘ലൗ ജിഹാദി’നെതിരെ യു.പി സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണവും അറസ്റ്റും. മൊറാദാബാദില്‍ 22 കാരിയായ ഹിന്ദു യുവതിയെ ആണ് കല്യാണ രജിസ്‌ട്രേഷനു വേണ്ടി എത്തിയപ്പോള്‍ ഒരു സംഘം വന്ന് ആക്രമിക്കുകയും ഭര്‍ത്താവായ മുസ്‌ലിം യുവാവിനെ പൊലിസിനെ ഏല്‍പ്പിക്കുകയും ചെയ്തത്.

എന്നാല്‍, താന്‍ പ്രായപൂര്‍ത്തിയായ യുവതിയാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് കല്യാണം നടന്നതെന്നും യുവതി പറഞ്ഞു.

രജിസ്‌ട്രേഷന്‍ ഓഫിസിനു മുന്നില്‍ വച്ചാണ് സംഭവം. വീഡിയോയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ലാത്തി പിടിച്ച് പൊലിസ് യൂനിഫോമിലും ഒരാളെ കാണാം. പിന്നീട് ഭര്‍ത്താവിനെയും ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.

‘ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് മതം മാറാന്‍ അനുവാദം കിട്ടിയ കത്ത് കാണിക്ക്’- സ്ത്രീയോട് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘നീയൊക്കെ നിയമം വായിച്ചോ ഇല്ലയോ? യേ തും ജയ്‌സേ ലോകോം കെ ലിയേ ബനാനാ പഡാ ഹേ (നിയമം ഉണ്ടാക്കിയത് നിന്നെപ്പോലുള്ളവര്‍ക്കാണ്’- അയാള്‍ പിന്നീട് ആക്രോശിക്കുന്നു.

എന്നാല്‍ താന്‍ നിയമം വരുന്നതിനു മുന്‍പേ യുവാവുമായി കല്യാണം കഴിഞ്ഞതാണെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞു. ‘ഞാന്‍ ഒരു യുവതിയാണ്. 22 വയസായി. ജൂലൈ 22ന് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞ് ആറാമത്തെ മാസമാണിത്’- യുവതി പറഞ്ഞു.

ഹിന്ദു യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു.

‘നിയമവിരുദ്ധ മതംമാറ്റ ഓര്‍ഡിനന്‍സ്’ കൊണ്ടുവന്ന ശേഷമുള്ള അഞ്ചാമത്തെ അറസ്റ്റാണ് യു.പിയില്‍ നടക്കുന്നത്. ബി.ജെ.പി ആരോപിക്കുന്ന ‘ലൗ ജിഹാദ്’ തടയാന്‍ വേണ്ടിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആര്‍ക്കും പരാതിയില്ലാതെ നടന്ന ആദ്യ അറസ്റ്റ് തന്നെ വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here