ആലപ്പുഴ : നഗരസഭാ അധ്യക്ഷപദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗണ്‍സിലര്‍ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം കൂടിയായ കെ.കെ ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴവാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പി.പി ചിത്തരഞ്ജന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയരുന്നത്. വലിയ മേധാവിത്വത്തിലായിരുന്നു ഇത്തവണ എല്‍.ഡി.എഫ് യു.ഡി.എഫില്‍ നിന്ന് നഗരസഭാ അധികാരം പിടിച്ചെടുത്തിരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടേതായ ഒരു മുഖം ഉണ്ടാവണമെന്നും നിര്‍ദേശം ഉയര്‍ന്നിരുന്നു.
അധ്യക്ഷ പദവയിലേക്ക് കെ.കെ ജയമ്മയുടേയും സൗമ്യ രാജിന്റേയും പേര് ഉയര്‍ന്ന് വന്നുവെങ്കിലും ഏറെ പേര്‍ക്കും താത്പര്യം കെ.കെ ജയമ്മയോടായിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ നേതൃത്വം സൗമ്യ രാജിനെ അധ്യക്ഷയാക്കി. പ്രശ്‌ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. തുടര്‍ന്നാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.