തോന്നിയത് പറ്റില്ല; ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ചൊല്ലാത്തവര്‍ക്ക് വീണ്ടും സത്യപ്രതിജ്ഞ വേണ്ടിവരും

0
265

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയിലോ അല്ലാതെ സത്യപ്രതിജ്ഞ ചെയ്തവര്‍ വീണ്ടും മറ്റൊരു ചടങ്ങില്‍ പ്രതിജ്ഞ മാറ്റി ചൊല്ലേണ്ടി വരും. ഈ രണ്ടു നാമത്തിലുമല്ലാതെയുള്ള സത്യപ്രതിജ്ഞകള്‍ക്ക് സാധുതയില്ലെന്ന കോടതി വിധി നിലനില്‍ക്കുന്നതിലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യമുണ്ടാകാന്‍ പോകുന്നത്. കഴിഞ്ഞദിവസം നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ തങ്ങളുടെ ഇഷ്ടവ്യക്തികളുടെ പേരില്‍ വിവിധ സ്ഥാനാര്‍ഥികള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു അയ്യപ്പസ്വാമി, പത്മനാഭസ്വാമി, തോമാശ്ലീഹ, അല്ലാഹു നാമങ്ങളിലും, മതനേതാക്കളുടെ നാമത്തിലും, മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നാമത്തില്‍ വരെയും സ്ഥാനാര്‍ഥികള്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

അതേസമയം ഇതിന്റെ പേരില്‍ അയോഗ്യത കല്‍പ്പിക്കാനോ അംഗത്വം റദ്ദാക്കാനോ വ്യവസ്ഥയില്ലെങ്കിലും മുനിസിപ്പല്‍ നിയമം 143 പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവര്‍ 13 ദിവസത്തിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. സത്യപ്രതിഞജ്ഞ ചെയ്യുന്നതുവരെ കൗണ്‍സില്‍ യോഗത്തിലോ മറ്റ് കമ്മിറ്റ് നടപടകളിലോ പങ്കെടുക്കാനോ വോട്ടിംഗിന്റെ ഭാഗമാകാനോ അധികാരമുണ്ടാകില്ല. 13 ദിവസത്തിനുശേഷവും സത്യപ്രതിജ്ഞ ചെയ്യാത്ത പക്ഷം വാര്‍ഡിലെ കൗണ്‍സിലര്‍ സ്ഥാനം ഒഴിവുള്ളതായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കപ്പെടാം. കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ക്കോ വോട്ടര്‍മാര്‍ക്കോ സത്യപ്രതിജ്ഞ ചെയ്യാത്ത സ്ഥാനാര്‍ഥിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാനും സാധിക്കും.

നിലവില്‍ കൗണ്‍സില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവരുടെ സത്യപ്രതിജ്ഞകളില്‍ ചോദ്യമുയര്‍ന്നാലും ഇതേ നടപടികളുണ്ടാകും. 2001 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഉമേഷ് ചള്ളിയില്‍ ശ്രീ നാരായണഗുരുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്ത പൊതുതാത്പര്യ ഹര്‍ജിയില്‍ സത്യപ്രതിജ്ഞ അസാധുവാക്കി വിധി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശ്രീനാരായണ ഗുരു ദൈവമാണോ എന്ന ചോദ്യവും അന്ന് കോടതിയില്‍ നിന്നുണ്ടായി. തുടര്‍ന്ന് ഉന്മേഷ് സുപ്രിംകോടതിയില്‍ അപ്പീലിന് പോയെങ്കിലും സമാന വിധിയാണുണ്ടായത്.

അതേസമയം, ദൈവമെന്ന് അര്‍ഥം വരുന്ന ‘അല്ലാഹു’ പോലുള്ള സമാനപദങ്ങള്‍ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് അസാധുവാവില്ല. എന്നാല്‍ ആള്‍ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞകള്‍ക്ക് ഭരണഘടനാപരമായി അംഗീകാരമുണ്ടാകില്ല. കഴിഞ്ഞദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരുവനന്തരപുരം നെടുങ്കാട് വാര്‍ഡില്‍ നിന്നും വിജയിച്ച ബിജെപി അംഗം കരമന അജിത്ത് അയ്യപ്പസ്വാമിയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഫോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ സ്വതന്ത്രഅംഗം ജാനകി അമ്മാളിന്റെ സത്യപ്രതിജ്ഞ പത്മനാഭസ്വാമിയുടെ പേരിലായിരുന്നു. സ്വതന്ത്രഅംഗങ്ങളായ മേരി ജിപ്സി തോമാശ്ലീഹയുടെ നാമത്തിലും നിസാമുദീന്‍, ഐഎന്‍എല്‍ അംഗം മുഹമ്മദ് ബഷീര്‍ എന്നിവര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു.

പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തില്‍ നിന്ന് ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവിജയിച്ച എ മഹേന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തത് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നാമത്തിലായിരുന്നു. ഈശ്വരനാമത്തില്‍ എന്ന് ചൊല്ലിക്കൊടുത്തപ്പോള്‍ മഹേന്ദ്രന്‍ ഈശ്വരനെന്നതിന്റെ സ്ഥാനത്ത് കൃഷ്ണന്‍കുട്ടിയേട്ടന്‍ എന്ന് മഹേന്ദ്രന്‍ ഏറ്റുചൊല്ലുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here