കാസര്‍കോട് (www.mediavisionnews.in):എല്‍.ഡി.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാ പ്രകടന പത്രിക എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ ചേര്‍ന്ന് പ്രസ്‌ക്ലബ്ബില്‍ പ്രകാശനം ചെയ്തു. സമഗ്ര ജില്ലാ വികസന പദ്ധതി നടപ്പിലാക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കും. എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും. ജലസുരക്ഷക്കും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ സമഗ്രമായ പദ്ധതികളുണ്ടാകും. ജൈവ കൃഷിക്ക് ഊന്നല്‍ നല്‍കും. തരിശ് രഹിത ജില്ലയാക്കാനും പദ്ധതിയുണ്ട്. നെല്‍കൃഷിയും പുരയിട കൃഷിയും പ്രോത്സാഹിപ്പിക്കും.
തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികള്‍ പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. മത്സ്യമേഖലയില്‍ സമഗ്രമായി ഇടപെടുന്നതിന് തീരപദം പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.
മൃഗസംരക്ഷണത്തിനും വിവിധ പദ്ധതികളുണ്ടാകും. കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കും. മാലിന്യ സംസ്‌കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പദ്ധതിയുണ്ടാകും. ആരോഗ്യ, വിദ്യഭ്യാസ മേഖലകളില്‍ നൂതനമായ പദ്ധതികള്‍ ഉണ്ടാകും. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.