തുടർഭരണം ലക്ഷ്യമിട്ട് പിണറായി; ജില്ലകളിൽ പര്യടനം നടത്തും, പ്രമുഖരുമായി കൂടിക്കാഴ്ച

0
259

തിരുവനന്തപുരം∙ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ ജയത്തിനു പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പര്യടനത്തിനു തയാറെടുക്കുന്നു. ഈ മാസം 22നു പര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

കൊല്ലത്തുനിന്നു പര്യടനം തുടങ്ങാനാണ് ആലോചന. 14 ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ഗെസ്റ്റ് ഹൗസുകൾ കേന്ദ്രീകരിച്ചു ജില്ലകളിലെ സാമൂഹിക സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും നിർദേശങ്ങളും കൂടി ഉൾപ്പെടുത്തി ആയിരിക്കും എൽ‍ഡിഎഫിന്റെ നിയമസഭാ പ്രകടനപത്രികയ്ക്കു രൂപം നൽകുക.

ഇത്തരമൊരു പര്യടനം നടത്താൻ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപുതന്നെ തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കും വിധമാണു മുഖ്യമന്ത്രിയുടെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരിയിൽ ബജറ്റ് സമ്മേളനം ചേരുമ്പോൾ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അതിനു മുൻപായി ജില്ലാ പര്യടനം പൂർത്തിയാക്കും.

സർക്കാരിന്റെ ജനക്ഷേമ നടപടികളും വികസനവും ജനങ്ങൾ അംഗീകരിച്ചതിന്റെ സൂചനയാണു തദ്ദേശ തിരഞ്ഞെടുപ്പു ഫലമെന്നു സിപിഎമ്മും എൽഡിഎഫും വിലയിരുത്തുന്നു. കോവിഡ് കാലത്തെ സമൂഹ അടുക്കളയും ഇപ്പോഴും തുടരുന്ന ഭക്ഷ്യകിറ്റ് വിതരണവും സാധാരണക്കാരെ സ്വാധീനിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സർക്കാരിന്റെ നേട്ടങ്ങളെ അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന ഇടതുപ്രചാരണം ലക്ഷ്യംനേടിയതിന്റെ സൂചനയായി ഫലത്തെ വിലയിരുത്തുന്നു.

ഈ സാഹചര്യത്തിൽ കൂടുതൽ ജനക്ഷേമ പദ്ധതികളുമായി മുന്നിട്ടിറങ്ങാനാണു തീരുമാനം. മുഖ്യമന്ത്രി തന്നെ ഇതിനു മുൻകയ്യെടുക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപും പിണറായി വിജയൻ ജില്ലകളിലൂടെ സഞ്ചരിച്ചു സാമൂഹിക സാംസ്കാരിക പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here