തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ സോഫ്റ്റ് വെയര്‍ തകരാര്‍; നഗരസഭകളുടെ എണ്ണത്തിലും എല്‍.ഡി.എഫിന് മേല്‍ക്കൈ

0
481

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഗരസഭാ ഫലത്തില്‍ സോഫ്റ്റ് വെയര്‍ തകരാറുണ്ടായതായി റിപ്പോര്‍ട്ട്. നേരത്തെ യു.ഡി.എഫ് 45, എല്‍.ഡി.എഫ് 35, ബി.ജെ.പി 2 എന്നായിരുന്നു പ്രഖ്യാപനം.

തെരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ പിഴവാണ് യു.ഡി.എഫിന് മൂന്‍തൂക്കത്തിന് ഇടയാക്കിയത്. അതേസമയം തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരുത്തിയ കണക്ക് പ്രകാരം എല്‍.ഡി.എഫ് 40 ഉം യു.ഡി.എഫ് 35 ഉം, ബി.ജെ.പി 2 ഉം തൂക്ക് 9 എന്നാണ്.

തുല്യത വന്നതും മുന്നണി സ്വതന്ത്രരുടെ പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചതുമായ തദ്ദേശ സ്ഥാപനങ്ങളൊക്കെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ ദൃശ്യമായത് യു.ഡി.എഫിന് ലഭിച്ചവയുടെ പട്ടികയിലായിരുന്നു.

സ്വതന്ത്ര പിന്തുണയോടെ എല്‍.ഡി.എഫ് അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍ യു.ഡി.എഫിന് അനുകൂലമായി.

ഇവ ശരിയായ കണക്കില്‍ ഉള്‍പ്പെടുത്തുമ്പോള്‍ എല്‍.ഡി.എഫിന് 39 ഉം യു.ഡി.എഫിന് 41 ഉം ആകും. തുല്യത വന്ന കളമശേരി ,പരവൂര്‍ , മാവേലിക്കര ,പത്തനംതിട്ട മുനിസിപ്പാലിറ്റികള്‍ യു.ഡി.എഫ് കണക്കിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേര്‍ത്തത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഈ മുനിസിപ്പാലിറ്റികളെ പരിഗണിച്ചാല്‍ എല്‍.ഡി.എഫ്- 39, യു.ഡി.എഫിന് 37 എന്നിങ്ങനെയായിരിക്കും മുനിസിപ്പാലിറ്റികളുടെ എണ്ണം.

തുല്യത വന്ന വയനാട്, സ്വതന്ത്ര പിന്തുണയോടെ എല്‍.ഡി.എഫ് അധികാരമുറപ്പിച്ച കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകളില്‍ യു.ഡി.എഫിനൊപ്പമാണ് ചേര്‍ത്തിരിക്കുന്നത്.

ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള തിരുവനന്തപുരത്തെ കാഞ്ഞിരംകുളം കൊല്ലത്തെ പോരുവഴി എന്നിവ യു.ഡി.എഫ് പക്ഷത്താണ് ചേര്‍ത്തിരിക്കുന്നത്.

തുല്യ നിലയിലുള്ള തിരുവനന്തപുരത്തെ അതിയന്നൂര്‍ ,പെരിങ്ങമല ,വിളവൂര്‍ക്കല്‍ കൊല്ലത്തെ ആര്യങ്കാവ്, മണ്‍റോതുരുത്ത്, ഓച്ചിറ എന്നിവയെല്ലാം യു.ഡി.എഫ് പക്ഷത്താണ് ചേര്‍ത്തിരിക്കുന്നത്. ഈ തെറ്റുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here