കാസര്‍കോട്: പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 127 ബൂത്തുകള്‍ പ്രശ്‌നബാധിതങ്ങളാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞു.
സങ്കീര്‍ണ്ണവും വളരെയേറെ സംഘര്‍ഷ ഭരിതവുമായ ഈ ബൂത്തുകളില്‍ ഏര്‍പ്പെടുത്തേണ്ട മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിനു ജില്ലാ കളക്‌ടര്‍, ജില്ലാ പൊലീസ് മേധാവി,. തിരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്‌ടര്‍, സബ് കളക്‌ടര്‍, ആര്‍ ഡി ഒ എന്നിവര്‍ അവ നേരിട്ടു വിലയിരുത്തുന്നു. ഇതിനു വേണ്ടി സംഘം ഈ ബൂത്തുകളില്‍ സന്ദര്‍ശനമാരംഭിച്ചു. നാളെയോടെ സന്ദര്‍ശനം പൂര്‍ത്തിയാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിംഗ് നടന്ന ബൂത്തുകളും അതില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു മാത്രം 75 ശതമാനത്തിലേറെ വോട്ടു ലഭിക്കുകയും ചെയ്‌ത ബൂത്തുകള്‍, പത്തോ അതില്‍കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൂത്തുകള്‍ എന്നിവയാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അക്രമമുണ്ടായ ബൂത്തുകളെയാണ് വള്‍നറബിള്‍ ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്. ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ 78 എണ്ണം ഗ്രാമപഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബിള്‍ ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും.