ജയിച്ച വാർഡുകളുടെ എണ്ണത്തിൽ റെക്കോർഡ്, എന്നിട്ടും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല

0
151

തിരുവനന്തപുരം: ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച വാർഡുകളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടമാണെങ്കിലും പ്രതീക്ഷിച്ച ജയം നേടാനാകാതെ ബിജെപി. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ നേടി പലയിടത്തും ഇടത് മുന്നണിക്ക് ശക്തമായ എതിരാളി എന്ന നിലയുണ്ടാക്കിയത് ഭാവിയിൽ ബിജെപിക്ക് ഗുണകരമാണ്. പക്ഷെ തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനിൽ കണക്കുകൂട്ടൽ പിഴച്ചത് വലിയ തിരിച്ചടിയായി.

സീറ്റെണ്ണത്തിൽ മികവ്, പക്ഷെ നാടിളക്കിയ പ്രചാരണ ആവേശം ബിജെിക്ക് പ്രതീക്ഷിച്ച നേട്ടത്തിലെക്കെത്തിക്കാനായില്ല. ഗ്രാമപഞ്ചായത്തുകളുടെ ഭരണം ഒൻപതിൽ നിന്നും 22 ലേക്കെത്തി. ഗ്രാമ പഞ്ചായത്ത് വാ‍ർഡുകളുടെ എണ്ണം 953 ൽ നിന്നും 1200 ലേക്കെത്തി. മുനിസിപ്പാലിറ്റി വാർഡുകൾ 236 ൽ നിന്നും 340 ആയി ഉയർന്നു. 51 കോർപ്പേറഷൻ വാർഡുകൾ ഉണ്ടായിരുന്നത് 59 ആയി. 11 ബ്ലോക്ക് പഞ്ചായത്ത് വാ‍ർഡുകൾ  41 ആയി. പാലക്കാട് മുനിസിപ്പാലിറ്റി കൂടുതൽ വാർഡ് നേടി നിലനിർത്തി. കഴിഞ്ഞ തവണ ഏഴ് വാർഡുണ്ടായിരുന്ന പന്തളത്ത് 18 ഇടത്ത് ജയിച്ച് അധികാരത്തിലെത്തി. കൊടുങ്ങല്ലൂരും വർക്കലയിലും ഭരണം പോയത് ഒരു സീറ്റിന്. പക്ഷെ തിരുവനന്തപുരത്തെത്തുമ്പോൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ബിജെപി മേയർ എന്ന സ്വപ്നം പൊളിഞ്ഞതാണ് ഏറ്റവും വലിയ നഷ്ടം.

സർവ്വ സന്നാഹങ്ങളുമായി ഇറക്കിയിട്ടും മുമ്പില്ലാത്ത വിധം ആർഎസ്എസ് സജീവമായിട്ടും 2015നെക്കാൾ നേട്ടമുണ്ടായില്ല. തൃശ്ശൂരിൽ മേയർ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻറെ തോൽവിയടക്കം തൃശൂരിൽ പ്രതീക്ഷകളെല്ലാം പൊളിഞ്ഞു. പത്തനംതിട്ട, പാലക്കാട്, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ യുഡിഎഫിൻറെ പരമ്പരാഗതമായ വോട്ടുകളിൽ കടന്നുകയറാനായതാണ് വലിയ പ്ലസ്. സീറ്റുകളുടെ എണ്ണം നേട്ടമായി ഉയർത്തി കാട്ടുമ്പോഴും സർക്കാറിനെതിരെ അഴിമതി എണ്ണിപ്പറഞ്ഞ് പടനയിച്ച കെ സുരേന്ദ്രന് അത്ര അഭിമാനിക്കാൻ വകയില്ല. ശോഭാ സുരേന്ദ്രനടക്കമുള്ള ഒരു വിഭാഗം നേതാക്കളെ അനുനയിപ്പിച്ച് നിർത്താനാകാതിരുന്നത് വീഴ്ചയായി. സുരേന്ദ്രനെ ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് പോര് ഇനി ശക്തമാകും. കേന്ദ്രത്തിന്റെ ഇടപെടലും പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here