ചാലിയാര്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം; പ്രസിഡന്‍റാകുന്നത് എൽഡിഎഫ് അംഗം

0
183

മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ സംവരണമാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിജയന്‍ കാരേരി പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ആനപ്പാറയില്‍ നിന്ന് വിജയിച്ച എൽഡിഎഫിലെ മനോഹരനെ തേടി പ്രസിഡന്‍റ് സ്ഥാനമെത്തുന്നത്.

14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിനു എട്ടും എല്‍.ഡി.എഫിനും ആറും സീറ്റുകൾ വീതമാണ് ലഭിച്ചത്. പഞ്ചായത്ത് രൂപീകരിച്ച്‌ 41 വര്‍ഷത്തിനുശേഷമാണ് ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന ചാലിയാറിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒരാൾ വരുന്നത്. കഴിഞ്ഞതവണ സീറ്റുകള്‍ തുല്യമായതോടെ നറുക്കെടുപ്പില്‍ ഭരണം എല്‍.ഡി.എഫിനായിരുന്നു.

ഇടുക്കി കാഞ്ചിയാറിലും സമാനമായ സ്ഥിതിവിശേഷമുണ്ട്. അവിടെ പതിനാറിൽ ഒൻപതു സീറ്റും നേടി വിജയിച്ചെങ്കിലും ഇടതുമുന്നണിക്ക് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം ആയതാണ് എൽഡിഎഫിന് വിനയായത്. ബിജെപിയുടെ സുരേഷ് കുഴിക്കാട്ട് ആണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ആവുക. ബിജെപിക്ക് കാഞ്ചിയാര്‍ പഞ്ചായത്തില്‍ ലഭിച്ച ഏക സീറ്റാണ് ഇത്.

പഞ്ചായത്തിലെ എട്ടാം വാർഡിന്റെ പ്രതിനിധിയാണ് സുരേഷ്. ഈ പഞ്ചായത്തിൽ ആദ്യമായി വിജയിക്കുന്ന ബിജെപി പ്രതിനിധി എന്ന പ്രത്യേകതയും സുരേഷിനാണ്. സിപിഎം രണ്ടു വാർഡുകളിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഇരുവരും വിജയം കണ്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here