ചാക്കിൽ കെട്ടി പണം കൊണ്ടുപോയവരുമുണ്ട്; കൂടെ നിന്ന് ഫോട്ടോ എടുത്ത ചാരിറ്റി കള്ളന്മാർ പിടിക്കപ്പെടാനുണ്ടെന്ന് ഫിറോസ്; എല്ലാം അറിയാമെങ്കിൽ എന്തുകൊണ്ട് ഇത്രകാലം മിണ്ടിയില്ലെന്ന് സോഷ്യൽമീഡിയ

0
216

തൃശ്ശൂർ: തോന്നയ്ക്കൽ കേന്ദ്രമായി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്ന ആഷിഖ് ഹുസൈൻ എന്നയാൾ കള്ളനോട്ടടി കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഇയാളെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ ആഷിഖ് ഹുസൈൻ വൻതട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കള്ളനോട്ടടിക്കുകയും ഇതിനായി നോട്ടടി കേന്ദ്രം തന്നെ സജ്ജീകരിക്കുകയും ചെയ്ത ആഷിഖിനെതിരെ ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലും രംഗത്തെത്തിയിട്ടുണ്ട്. ആഷിഖ് മുമ്പ് ഫിറോസിന്റെ അനുനായി ആയിരുന്നു എന്നാണ് റിപ്പോർട്ട്.

എന്നാൽ ആഷിഖ് പിടിയിലായതിന് പിന്നാലെ, ഇയാൾ തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ വരെ കാരണക്കാരനായി എന്ന് ഫിറോസ് ആരോപിച്ചിരുന്നു. എന്നാൽ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഫിറോസിനെതിരെയും ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ഇവരുടെയൊക്കെ തട്ടിപ്പുകളെ കുറിച്ച് ഫിറോസിന് മുൻപ് തന്നെ അറിയാമെങ്കിൽ എന്തുകൊണ്ടാണ് ഇതുവരെ പുറത്തുപറഞ്ഞില്ല എന്ന ചോദ്യമാണ് ഉയരുന്നത്.

പിന്നാലെ വാദപ്രതിവാദങ്ങളായി സോഷ്യൽമീഡിയയിൽ യുദ്ധം മുറുകിയതോടെ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ്. ‘ഞാൻ അന്നും ഇന്നും എന്നും പറയും. ഇവനെ പോലുള്ള ചാരിറ്റി കള്ളന്മാർ എന്നെ എതിർക്കുന്നതും ഇല്ലായ്മ ചെയ്യാൻ നോക്കുന്നതും അവരുടെ കള്ളത്തരങ്ങൾക്ക് ഞാനൊരു തടസ്സമായതുകൊണ്ടാണ്. എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത കുറച്ചു കള്ളന്മാർകൂടി പിടിക്കപ്പെടാനുണ്ട് അതിനായി ഞാൻ തന്നെ മുന്നിട്ടിറങ്ങും ഇവരെയൊന്നും വെച്ച് പൊറിപ്പിക്കാൻ കൊള്ളില്ല.’- ഫിറോസ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

കോവിഡ് കാലത്ത് നിർധനരായ കുട്ടികളുടെ വീടുകളിൽ ഓൺലൈൻ പഠന സൗകര്യത്തിനായി ടിവി, ലാപ്‌ടോപ്പ്, ടാബ് വിലയേറിയ മൊബൈൽഫോണുകൾ എന്നിവ എത്തിച്ച് ആഷിഖ് കാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു. മറ്റു ജോലികളൊന്നും ഇല്ലാത്ത ആഷിഖ് എങ്ങനെയാണ് ഇത്രയേറെ പണം ഉണ്ടാക്കുന്നതെന്ന് ആരും അന്വേഷിച്ചതുമില്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കും ആരും മുതിർന്നില്ല.

ഇടയ്ക്ക് ചില അടിപിടി കേസിൽ മംഗലാപുരം പോലീസ് ആഷിഖിനെതിരെ കേസെടുത്തിരുന്നു. അന്നും ഇയാളുടെ ക്രിമിനൽ പശ്ചാത്തലം ആഴത്തിൽ അന്വേഷിക്കപ്പെട്ടില്ല. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ ആഷിഖ് ഹുസൈൻ വൻതട്ടിപ്പുകൾ നടത്തുന്നതായി മുമ്പ് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം വലിയ രീതിയിൽ മുന്നോട്ട് പോയില്ല.

നിർധനരായ കാരുണ്യം തേടുന്നവരുടെ ദയനീയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് പണം ശേഖരിക്കുകയും അതിൽ ചെറിയൊരു ശതമാനം വീട്ടുകാർക്കു നൽകി ബാക്കി പണം അപഹരിച്ചുമാണ് ആഷിഖ് അടങ്ങുന്ന സംഘം തട്ടിപ്പുകൾ നടത്തിയത്. പ്രവാസികളിൽ നിന്നടക്കം വലി തുകകൾ ശേഖരിച്ച് തട്ടിപ്പു നടത്തുന്നതിനിടെയാണ് ഇപ്പോൾ കള്ളനോട്ട് കേസിൽ പിടിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here