സിഡ്‌നി: ഓസ‌്‌ട്രേലിയയിൽ എല്ലാ ഫോർമാറ്റുകളിലും പരമ്പര നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ നായകനായി വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര വിജയത്തോടെയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ടെസ്റ്റിലും ഏകദിനത്തിലും കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ പരമ്പര നേടിയിരുന്നു.
ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിയാണ് കോലിക്ക് മുൻപ് മൂന്ന് ഫോർമാറ്റിലും ഓസീസ് മണ്ണില്‍ പരമ്പര സ്വന്തമാക്കിയ ആദ്യ ക്യാപ്റ്റന്‍.
ഇത്തവണത്തെ പര്യടനത്തില്‍ 2-1നാണ് കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയത്. കാന്‍ബറയില്‍ നടന്ന ആദ്യ ടി20 ഇന്ത്യ 11 റണ്‍സിന് ജയിച്ചപ്പോള്‍ സിഡ്‌നിയിലെ രണ്ടാംമത്സരം ആറ് വിക്കറ്റിനും സ്വന്തമാക്കി. അതേസമയം സിഡ്‌നി തന്നെ വേദിയായ അവസാന ടി20 ജയിച്ച് ഓസ്‌ട്രേലിയ വൈറ്റ് വാഷ് ഒഴിവാക്കി. 12 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം.
അവസാന ടി20 ഓസീസിന്
പരമ്പരയിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 186 റണ്‍സ് നേടി. 53 പന്തില്‍ 80 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മാത്യൂ വെയ്ഡും 36 പന്തില്‍ 54 റണ്‍സുമായി ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി വാഷിംഗ്‌ടണ്‍ സുന്ദര്‍ രണ്ടും ടി നടരാജനും ഷാര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 61 പന്തില്‍ 85 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയുടെ പ്രകടനം പാഴായി. ശിഖര്‍ ധവാന്‍(28), ഹര്‍ദിക് പാണ്ഡ്യ(20), ഷാര്‍ദുല്‍ താക്കൂര്‍(17*) എന്നിവരായിരുന്നു അടുത്ത ഉയര്‍ന്ന സ്‌കോറുകാര്‍. സഞ്ജു സാംസണ്‍ 10 റണ്‍സേ നേടിയുള്ളൂ. ഓസീസിനായി മിച്ചല്‍ സ്വപ്‌സണ്‍ മൂന്നും മാക്‌സ്‌വെല്ലും അബോട്ടും ടൈയും സാംപയും ഓരോ വിക്കറ്റും നേടി.