ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ കേരളമെമ്പാടും ഇടതു തരംഗം അലയടിച്ചെങ്കിലും ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് പ്രസിഡന്റ് ഇല്ല. പഞ്ചായത്തിലെ പതിനാറിൽ ഒൻപതു സീറ്റും നേടി വിജയിച്ചെങ്കിലും ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ ആഹ്ളാദത്തിന് തിളക്കം കുറവാണ്. ഒരേയൊരു സീറ്റിൽ മാത്രം വിജയിച്ച ബി.ജെ.പി.യുടെ സുരേഷ് കുഴിക്കാട്ട് ആണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ആവുക.
പഞ്ചായത്തിലെ എട്ടാം വാർഡിന്റെ പ്രതിനിധിയാണ് സുരേഷ്. ഈ പഞ്ചായത്തിൽ ആദ്യമായി വിജയിക്കുന്ന ബി.ജെ.പി പ്രതിനിധി എന്ന പ്രത്യേകതയും സുരേഷിന് സ്വന്തം.
സ്വകാര്യ മേഖലയിലെ തൊഴിലാളിയാണ് 43കാരനായ സുരേഷ്. പഞ്ചായത്തിന്റെ നന്മയ്ക്കായി എല്ലാ പാർട്ടികളോടും സഹകരിച്ച് പ്രവർത്തിക്കും എന്നാണ് സുരേഷിന്റെ തീരുമാനം.
സി.പി.എം. രണ്ടു വാർഡുകളിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഇരുവരും വിജയം കണ്ടില്ല.
2005ൽ തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. വിജയിച്ചത് എൽ.ഡി.എഫ്. ആണെങ്കിലും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതാ പ്രതിനിധിക്ക് സംവരണം ചെയ്‌തതിനാൽ യു.ഡി.എഫിന്റെ പ്രിയംവദയാണ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്.