23 രാജ്യങ്ങള്‍ ഇടംപിടിച്ചിരുന്ന പട്ടികയില്‍ നിന്ന് ആറെണ്ണത്തെ ഒഴിവാക്കിയാണ് കോവിഡ് അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ ഗ്രീന്‍ ലിസ്റ്റ് ഖത്തര്‍ പുതുക്കിയത്. നേരത്തെ ലിസ്റ്റിലുണ്ടായിരുന്ന തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇത്തവണ പുറത്തായി. ഇത്രയും രാജ്യങ്ങളില്‍ കോവിഡ് അപകടസാധ്യത വീണ്ടും കൂടിയ പശ്ചാത്തലത്തിലാണ് നടപടി. ഗള്‍ഫ് മേഖലയില്‍ നിന്ന് ഒമാന്‍ മാത്രമാണ് പട്ടികയിലുള്ളത്. ഏഷ്യയില്‍ നിന്ന് ചൈന, മലേഷ്യ, സിംഗപ്പൂര്‍, ജപ്പാന്‍,ദക്ഷിണ കൊറിയ, മ്യാന്‍മര്‍, എന്നിവരും. കോവിഡ് രോഗികള്‍ താരതമ്യേന കുറവുള്ള ഓസ്ട്രേലിയ ന്യൂസിലാന്‍റ് മെക്സിക്കോ ക്യൂബ തുടങ്ങി രാജ്യങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ഖത്തറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല. ഇനി രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ലിസ്റ്റ് പുതുക്കുക. കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന് പകരം ഹോം ക്വാറന്‍റൈന്‍ മതിയെന്നതാണ് പ്രധാന ഇളവ്. അതെ സമയം തിരിച്ചെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റിന് വിധേയമായി നെഗറ്റീവാണെന്ന് തെളിയണം.