കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ വേണം; മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം

0
194

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാറുള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറഞ്ഞു.

ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് പാസ്ബുക്ക്, പോസ്റ്റ് ഓഫീസിലെ പാസ്ബുക്ക്, പാന്‍കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നാണ് വാക്‌സിന്‍ കുത്തിവെക്കാന്‍ വരുമ്പോള്‍ ഹാജരാക്കേണ്ടത്.

ഇവയുടെ അഭാവത്തില്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഇന്‍ഷുറന്‍സ് കാര്‍ഡോ, പെന്‍ഷന്‍ കാര്‍ഡോ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില്‍ കാര്‍ഡോ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായി ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാലും മതി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അയച്ച മാര്‍ഗ്ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍, അമ്പത് വയസ്സിന് മുകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ക്കും മുന്‍ഗണനയുണ്ടാകും.

 

വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. മോഷണം നടന്നെന്ന പരാതി ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും പൊലീസ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ രേഖയില്‍ പറയുന്നുണ്ട്.

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചുമണി വരെയായിരിക്കും വാക്‌സിന്‍ കുത്തിവെപ്പ് നടത്തുക. ഒരു ജില്ലയില്‍ ഒരു കമ്പനിയുടെ വാക്‌സിന്‍ മാത്രമായിരിക്കും ഉപയോഗിക്കേണ്ടത്. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനം കേന്ദ്രസര്‍ക്കാരിന്റെ 20 മന്ത്രാലയങ്ങളായിരിക്കും വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here