കാസര്‍കോട് നഗരസഭാ ചെയര്‍മാനായി അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു

0
187

കാസര്‍കോട്: തിരഞ്ഞെടുക്കപ്പെട്ട ഒമ്പതാമത് കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട 51 വയസുകാരനായ അഡ്വ. വി.എം. മുനീര്‍ അധികാരമേറ്റു. രാവിലെ 11 മണിക്ക് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ. സവിത ടീച്ചറെ പരാജയപ്പെടുത്തിയാണ് അഡ്വ. വി.എം. മുനീര്‍ നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മുനീര്‍ 21 ഉം സവിത ടീച്ചര്‍ 14 വോട്ടുകളും നേടി. സി.പി.എം അംഗം(17-ാം വാര്‍ഡ്-ചെന്നിക്കര) ലളിത, സ്വതന്ത്രരായ ഫാത്തിമത്ത് ഹസീന(20-ാം വാര്‍ഡ്-ഫിഷ്മാര്‍ക്കറ്റ്), കെ.എം. ഷക്കീനാ മൊയ്തീന്‍(21-ാം വാര്‍ഡ്-ഹൊന്നമൂല) എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

അബ്ബാസ് ബീഗമാണ് വി.എം. മുനീറിന്റെ പേര് നിര്‍ദ്ദേശിച്ചത്. മുഹമ്മദ് കുഞ്ഞി തായലങ്ങാടി പിന്താങ്ങി. സവിത ടീച്ചറുടെ പേര് പി. രമേശ് നിര്‍ദ്ദേശിച്ചു. അശ്വിനി പിന്താങ്ങി.

നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് അഡ്വ. വി.എം. മുനീറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മുസ്ലിം ലീഗ് നേതാക്കളായ സി.ടി. അഹ്‌മദലി, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., യഹ്‌യ തളങ്കര, എ.എം. കടവത്ത്, അഷ്‌റഫ് എടനീര്‍, ബീഫാത്തിമ ഇബ്രാഹിം, കെ.എം. ബഷീര്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, അന്‍വര്‍ ചേരങ്കൈ, ടി.ഇ. മുക്താര്‍, എ.എ. അസീസ് എന്നിവരും കരിവെള്ളൂര്‍ വിജയന്‍, ബി.ജെ.പി. നേതാവ് പി. ഭാസ്‌കരന്‍ തുടങ്ങിയവരും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അഡ്വ. വി.എം മുനീറിനെയും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഷംസീദ ഫിറോസിനെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റ് ബോര്‍ഡ് യോഗത്തില്‍ സി.ടി. അഹമ്മദലി, സി.കെ. സുബൈര്‍, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സംബന്ധിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുകൂടിയാണ് വി.എം മുനീര്‍. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയില്‍ പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ആദ്യത്തെ മൂന്ന് വര്‍ഷം മുനീറിനും തുടര്‍ന്നുള്ള രണ്ട് വര്‍ഷം അബ്ബാസ് ബീഗത്തിനും ചെയര്‍മാന്‍ പദവി വീതിച്ചു നല്‍കാന്‍ പാര്‍ട്ടിയില്‍ ധാരണയായതായറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here