കയ്യിൽ നിന്ന് പോയ അവസാനവാക്ക്; ഒപ്പം ചിരിച്ച് സച്ചിയും; വേദനയായി വിഡിയോ

0
184

7 വർഷമായി സിനിമയിൽ ഉണ്ടെങ്കിലും അനിലിനെ ജനപ്രിയനടനാക്കിയത് അയ്യപ്പനും കോശിയും എന്ന സിനിമയാണ്. അതിലെ പൊലീസ് വേഷം നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജിനും ബിജുമേനോനും ഒപ്പം നിൽക്കുന്നതായിരുന്നു. അനിലിന്റെ റേഞ്ച് തന്നെ മാറ്റുന്ന പ്രകടനം. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കി വച്ച് അനിൽ പോകുമ്പോൾ നോവാകുകയാണ് അയ്യപ്പനും കോശിയും സിനിമയിലെ ചിരി മുഹൂർത്തങ്ങൾ. അയ്യപ്പനും കോശിയും ചിത്രീകരണവേളയിലെ രസകരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

പൃഥ്വിരാജിനൊപ്പമുള്ള പൊലീസ് സ്റ്റേഷൻ രംഗം. കോശി കുര്യന്‍റെ കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിക്കയറുന്ന ഡയലോഗിനൊടുവിൽ അവസാനവാക്ക് കയ്യിൽ നിന്ന് വഴുതിപ്പോയ എസ്ഐ സതീഷിനും കോശിക്കും പെട്ടെന്ന് ചിരി വരുന്നു. രണ്ടുപേരും തോളിൽ കൈ വച്ച് പൊട്ടിച്ചിരിക്കുമ്പോൾ ഷൂട്ടിന് ചെറിയ ഇടവേള. എസ്ഐ അയ്യപ്പൻ സല്യൂട്ട് ചെയ്യുന്നത് പരിശീലിക്കുമ്പോഴും ഇടയിൽ എസ്ഐ സതീഷിന് ചെറിയ ചിരി പൊട്ടുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഇടവേളകൾക്കിടയിൽ ഉള്ള ഈ ചെറുചിരികൾ പങ്കുവച്ചത് ചിത്രത്തിന്‍റെ അണിയറക്കാർ തന്നെയാണ്. വിഡിയോയിൽ പൊട്ടിച്ചിരിക്കുന്ന സംവിധായകൻ സച്ചിയെയും കാണാം. ഇന്ന് സച്ചിയും അനിലും ഈ ലോകത്ത് നിന്ന് വിടപറഞ്ഞിരിക്കുകയാണ്.

തൊടുപുഴയിൽ ജോജു ജോർജ് നായകനായ ‘പീസ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു അനിൽ. ചിത്രത്തിൽ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്‍റെ വേഷമായിരുന്നു അനിലിന്. തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോർച്ചറിയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റ്‍മോർട്ടം നടക്കും. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here