കന്നുകാലി കശാപ്പ് നിരോധന ബിൽ: കര്‍ണാടക ഉപരിസഭയിൽ കയ്യാങ്കളി, ബിൽ ഇന്നും പാസായില്ല

0
488

കന്നുകാലി കശാപ്പ് നിരോധന ബിൽ കർണാടക ഉപരിസഭയിൽ ഇന്നും പാസായില്ല. ചെയർമാനെതിരെ ബിജെപി നൽകിയ അവിശ്വാസ പ്രമേയം ചർച്ചക്കെടുത്തതോടെ, സഭയിൽ കയ്യാങ്കളിയായി. ഇതോടെ ചെയർമാൻ സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിച്ചുവിട്ടു. ഓർഡിനൻസിലൂടെ ബില്ല് പാസാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്.

ഗവർണറുടെ പ്രത്യേക അനുമതിയോടെയാണ് ബിൽ ചർച്ച ചെയ്യാനായി ഇന്ന് ഉപരിസഭയുടെ പ്രത്യേക സമ്മേളനം നടന്നത്. കോൺഗ്രസ് നേതാവായ കൗൺസില്‍ ചെയർമാന്‍ പ്രതാപ ചന്ദ്ര ഷെട്ടി സഭയിലെത്തുന്നതിന് മുന്‍പേ ജെഡിഎസ് നേതാവായ ഡെപ്യൂട്ടി ചെയർമാന്‍ ധർമഗൗഡ ചെയർമാന്‍റെ സീറ്റിലിരുന്നു. ചെയർമാനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തു. ഇതോടെയാണ് ഡെപ്യൂട്ടി ചെയർമാനെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ നിന്ന് ബലമായി പുറത്താക്കിയത്.

ഡെപ്യൂട്ടി ചെയർമാനെ പുറത്താക്കാനുള്ള നീക്കം ബിജെപി അംഗങ്ങൾ തടഞ്ഞതോടെ സഭയിൽ കയ്യാങ്കളിയായി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സഭയിലെത്തിയ ചെയർമാൻ പ്രതാപ ചന്ദ്ര ഷെട്ടി സഭ അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടു. ഇതോടെ ബില്‍ സഭയില്‍ ചർച്ച ചെയ്ത് പാസാക്കാനുള്ള ബിജെപിയുടെ രണ്ടാമത്തെ നീക്കവും പരാജയപ്പെട്ടു.

ജെഡിഎസ് പിന്തുണയില്ലാതെ സഭയിൽ ബില്ല് പാസാകില്ല. ബിജെപിയോടുള്ള അനുകൂല നിലപാടാണ് ജെഡിഎസ് സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമായതോടെ, ബില്ലിനെ പിന്തുണയ്ക്കുന്നില്ലെന്ന് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here