‘ഇതൊക്കെ ഞങ്ങള്‍ പണ്ടേ വിട്ടതാണ്; 25 വര്‍ഷം മുമ്പ് 21-ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്റായ ഖദീജ മൂത്തേടത്തിനെ ചൂണ്ടി മുസ്ലിം ലീഗ്

0
248

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പ്പറേഷന്‍ മേയറാകാന്‍ ആര്യ രാജേന്ദ്രന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ ഓര്‍മ്മയുമായി മുസ്ലിം ലീഗ് പ്രവർത്തകർ.  25 വര്‍ഷം മുമ്പ് പൊന്നാനിയിലെ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായി ഖദീജ മൂത്തേടത്ത് അധികാരമേൽക്കുമ്പോൾ അവരുടെ പ്രായം 21 വയസ് മാത്രമായിരുന്നു. കാല്‍നൂറ്റാണ്ടിനു ശേഷം ഖദീജ മൂത്തേടത്തിന്  അഭിവാദ്യമര്‍പ്പിക്കുകയാണ് സമൂഹ മാധ്യമ കൂട്ടായ്മകള്‍ ഇപ്പോള്‍.

1995- ല്‍ കന്നിയങ്കത്തിനിറങ്ങിയ ഖദീജ അന്ന് മുസ്ലിം ലീഗിനു വേണ്ടിയാണ് മത്സരിച്ചത്. ഖദീജയുടെ മിന്നുന്ന വിജയം രേഖപ്പെടുത്തിയ പഴയ ഒരു പത്രറിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാര്‍ജ്ജിച്ചതോടെ ആര്യ രാജേന്ദ്രനൊപ്പം ഖദീജ മൂത്തേടത്തും സമൂഹ മാധ്യമ ഇടങ്ങളില്‍ യുവതയുടെ വിജത്തിന്റെ ഐക്കണാകുകയാണ്.

പൊന്നാനി എംഇഎസ് കോളജില്‍ നിന്നും പ്ലീഡിഗ്രി കഴിഞ്ഞ് സീതി സാഹിബ് മെമ്മോറിയല്‍ കോളജില്‍ നിന്നും പോളിടെക്നിക്ക് ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് ഖദീജ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 5 തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ഇവര്‍ നിലവില്‍ മലപ്പുറം ജില്ലയുടെ വനിതാലീഗ് വൈസ് പ്ര സിഡന്റാണ്. മൂന്നുപ്രാവശ്യത്തില്‍ കൂടുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇത്തവണ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി നിലപാടെടുത്തതോടെ ഖദീജ മത്സരരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ പഞ്ചായത്ത് രാജ് നിയമം തുടങ്ങിയ അതേ വര്‍ഷം തന്നെ മത്സരരംഗത്തിറങ്ങിയ ഖദീജയ്ക്ക് 1995-ല്‍ പ്രസിഡന്റാകാന്‍ നറുക്ക് വീഴുകയായിരുന്നു.

ഖദീജയെ ചൂണ്ടി ഈ സീനൊക്കെ ലീഗ് പണ്ടേ വിട്ടതാണെന്ന് ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ പറയുന്നു. 21-കാരിയായ ആര്യയെ തിരുവനന്തപുരം മേയറായി ഇന്നത്തെ സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് തീരുമാനമെടുത്ത വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.

മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുന്നത്. നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്സ് കോളജിലെ ബിഎസ് സി മാത്ത് സ് വിദ്യാര്‍ത്ഥിനിയാണ് ആര്യ.

LEAVE A REPLY

Please enter your comment!
Please enter your name here