എംസി ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന ശിവസേന നേതാവായ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കൊണ്ടുള്ള ഇഡി നടപടിക്ക് പിന്നാലെ ഇഡിക്കെതിരെ ശിവസേന.
മുബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുമ്പിൽ ‘ബിജെപി പ്രദേശ് കാര്യാലയം’ എന്ന ബാനർ ശിവസേന പ്രവർത്തകർ തൂക്കി.
ഇഡിയുടെ ഓഫീസ് ബിജെപിയുടെ ബ്രാഞ്ച് ഓഫീസാണെന്ന് റാവത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ അതിന് അത്ര പ്രാധാന്യമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ‘മുഖാമുഖം’ വേണം നടത്താൻ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടു ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. ശിവസേന അതിന്റെ വഴിക്കു മറുപടി നൽകിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
പിഎംസി ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാവത്തുമായി പണമിടപാട് നടത്തി എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് റാവത്തിന്റെ ഭാര്യയായ വർഷ റാവത്തിനെ ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്.
ഡിസംബർ 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിർദ്ദേശം. ഈ ചോദ്യം ചെയ്യലിനെ രാഷ്ട്രീയ നീക്കമെന്നാണ് സഞ്ജയ് റാവത്ത് വിശേഷിപ്പിച്ചത്. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ കളികൾക്കായി വീട്ടിലെ സ്ത്രീകളെ ലക്ഷ്യം വെയ്ക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.