നാഗ്പൂര്‍: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ശക്തികേന്ദ്രമായ നാഗ്പൂരില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്. 58 വര്‍ഷത്തെ തുടര്‍വിജയത്തിന് ശേഷമാണ് ബിജെപി നാഗ്പൂരില്‍ തോല്‍ക്കുന്നത്. മറ്റൊരു ശക്തികേന്ദ്രമായ പുണെയിലും ബിജെപിക്ക് അടിപതറി. നാഗ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് ജോഷി കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയോടാണ് പരാജയമറിഞ്ഞത്. 18910 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഭിജിത് വിജയിച്ചത്. ബിജെപി നേതാവ് നിതിന്‍ ഗഡ്കരി നിരവധി തവണ ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നാഗ്പുര്‍ മേയറായിരുന്ന ജോഷി, മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ അടുത്തയാളാണ്. നാഗ്പുര്‍ ഗ്രാജ്വേറ്റ് മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഫഡ്‌നവിസിനെ കൂടാതെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം വിജയിച്ചപ്പോൾ ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.