‘ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി’; ജനുവരി ഒന്നിന് സ്കൂൾ തുറക്കുമ്പോഴുള്ള ക്രമീകരണങ്ങൾ ഇങ്ങനെ

0
248

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതൽ സ്കൂൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണം, 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാർഗനിർദേശത്തിൽ പറയുന്നു.

എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിക്കണം. വാർഡ് അംഗം, ഹെൽത്ത് ഇൻസ്പെക്ടർ. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാർഥി പ്രതിനിധികൾ എന്നിവർ സെല്ലിൽ വേണം. ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

സ്കൂൾ തലത്തിൽ പ്ലാൻ തയാറാക്കണം. കോവിഡ് ലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാൻ സിക്ക് റൂം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവ ഒരുക്കണം. ആരോഗ്യപ്രവർത്തകർക്ക് ദിവസേന റിപ്പോർട്ട് നൽകണം.സ്കൂളിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് സ്റ്റാഫ് കൗൺസിൽ, പിടിഎ എന്നിവയിൽ ചർച്ച ചെയ്ത് ഈ വിവരങ്ങൾ ഓൺലൈനിൽ ക്ലാസ് പിടിഎ യോഗത്തിലൂടെ രക്ഷിതാക്കളെ അറിയിക്കണം.

മറ്റു നിർദേശങ്ങൾ

    • മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം.
    • എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം.
    • രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.
    • ജനുവരി 15നകം 10–ാം ക്ലാസിന്റെയും 30നകം 12–ാം ക്ലാസിന്റെയും ‍ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാകും.
    • ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂർ, ഉച്ചയ്ക്കുശേഷം 3 മണിക്കൂർ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകൾ നിശ്ചയിക്കേണ്ടത്.
    • ‌ആവശ്യമെങ്കിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താം.
    • കുട്ടികൾ തമ്മിൽ 2 മീറ്റർ ശാരീരിക അകലം പാലിക്കണം.
    • ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികൾ പങ്കുവയ്ക്കരുത്.
    • ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റർ എന്നിവ 2 മണിക്കൂർ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം.
    • കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമെങ്കിൽ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം.
    • സ്കൂൾ വാഹനങ്ങളിൽ സുരക്ഷിത അകലം നിർബന്ധം. വാഹനങ്ങളിൽ കയറും മുൻപ് തെർമൽ പരിശോധന നടത്തണം. മാസ്ക് നിർബന്ധം.
    • വിദ്യാർഥികൾക്ക് മാനസിക പിന്തുണ ആവശ്യമെങ്കിൽ കൗൺസലിങ് നൽകണം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണം.
    • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമെങ്കിൽ വീട്ടിൽ ചെന്ന് പഠനപിന്തുണ നൽകാൻ റിസോഴ്സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here