ആദ്യം നിയമം പിന്‍വലിക്കണം, പിന്നെ ചെയ്യേണ്ടത് ഈ നാല് കാര്യങ്ങള്‍; മോദിയോട് പ്രകാശ് രാജ്

0
232

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് അഞ്ച് നിര്‍ദേശങ്ങളുമായി നടന്‍ പ്രകാശ് രാജ്. കര്‍ഷകപ്രതിഷേധം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ പ്രസ്താവന. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നു തന്നെയാണ് പ്രകാശ് രാജ് ആദ്യമായി മുന്നോട്ടവെക്കുന്ന നിര്‍ദേശം. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നു തന്നെയാണ് പ്രകാശ് രാജ് ആദ്യമായി മുന്നോട്ടവെക്കുന്ന നിര്‍ദേശം. അതിനുശേഷം കര്‍ഷകര്‍ക്കൊപ്പം ഇരിക്കണമെന്നും അവരെ കേള്‍ക്കണമെന്നും അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അങ്ങനെ കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കണമെന്നുമാണ് അവസാന നിര്‍ദേശങ്ങള്‍.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, അടിച്ചേല്‍പ്പിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുക. കര്‍ഷകരോടൊപ്പം ഇരിക്കൂ. അവരെ കേള്‍ക്കൂ. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി വിലയിരുത്തൂ, അവരുടെ വിശ്വാസം നേടിയെടുക്കൂ’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

ട്വീറ്റിന് പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കണമെങ്കില്‍ അംബാനിയുടെയും അദാനിയുടെയും വിശ്വാസം തകര്‍ക്കേണ്ടി വരുമല്ലോ, പ്രധാനമന്ത്രിക്ക് അത് ചെയ്യാന്‍ പറ്റില്ലല്ലോ എന്നാണ് ചിലരുടെ പ്രതികരണം.

അംബാനിക്കും അദാനിക്കും പിന്തുണ പ്രഖ്യാപിച്ച മോദിക്ക് കര്‍ഷകരെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലല്ലോ എന്നും കമന്റുകളുണ്ട്.

അതേസമയം വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ കര്‍ഷകരുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുതലെടുപ്പ് നടത്താനൊരുങ്ങുകയാണ് ബി.ജെ.പിയും കേന്ദ്ര നേതൃത്വവും.

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരം ആരംഭിച്ച് സമരം ശക്തമാക്കാനൊരുങ്ങവെയാണ് സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.

കര്‍ഷക സമരത്തിന് പിന്നില്‍ തുക്കടേ തുക്കടേ ഗാങ്ങുകളാണെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ബീഹാറില്‍ സംസാരിക്കവേ പറഞ്ഞത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി.

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ലെഫ്റ്റിസ്റ്റ് ജാതിയില്‍പെടുന്നവരാണെന്നായിരുന്നു കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. ഇവര്‍ തന്നെയാണ് കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണമെന്നും സി.എ.എ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതെന്നും നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു.

കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നതോടെ വിഭാഗീയത ഉണ്ടാക്കിയും പൊലീസിനെയും അര്‍ധസൈന്യത്തെയും ഉപയോഗിച്ച് സമരം പൊളിക്കാനുമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബി.ജെ.പി കിസാന്‍ ചൗപാല്‍ സമ്മേളനവും ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് കര്‍ഷകര്‍ രണ്ടാംഘട്ട സമരത്തിന് തുടക്കമിട്ടത്. രണ്ടാം ഘട്ട ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here