കണ്ണൂര് ഇരിക്കൂറിനടുത്ത് ആയിപ്പുഴയിൽ വീടിനു പിൻഭാഗത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ ഭൂമി താഴ്ന്ന് സമീപത്തെ പത്ത് മീറ്റർ അകലെയുള്ള അയൽവാസിയുടെ വീട്ടുകിണറ്റിൽ വീണു. അലക്കി കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മ കാലു തെറ്റി അടുത്തുള്ള ചെറിയ കുഴിയിൽ വീണതും അപ്രത്യക്ഷമാവുകയുമായിരുന്നു. ഉടൻ അടുത്തുള്ള വീടിന്റെ കിണറ്റിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭൂമിക്കടിയിൽ രൂപപ്പെട്ട ഗുഹയിലൂടെ അപ്പുറത്തുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
കിണറ്റിൽ വലിയ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്. 25 കോൽ ആഴമുള്ള കിണറിലാണ് വീട്ടമ്മ പതിച്ചത്. പൊലീസും, ഫയർഫോഴ്സും എത്തും മുമ്പെ നാട്ടുകാർ വീട്ടമ്മയെ രക്ഷപ്പെടുത്തിയിരുന്നു. ആയിപ്പുഴ ഗവ. യു.പി. സ്കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം നടന്നത്. സംഭവ സ്ഥലം നിരീക്ഷണത്തിലാണ്.