ലക്‌നൗ: അയോദ്ധ്യയിലെ ധന്നിപൂരിൽ നിർമ്മിക്കുന്ന പള്ളിയുടെ രൂപരേഖ തയ്യാറായതായി റിപ്പോർട്ട്. പള്ളിയിൽ രണ്ടായിരത്തോളം പേർക്ക് നിസ്‌കരിക്കാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പള്ളിയും പരിസര സമുച്ചയവും രൂപകൽപന ചെയ്യാൻ സെപ്തംബർ ഒന്നിന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ വാസ്തുവിദ്യാ വിഭാഗം പ്രൊഫസർ എസ് എം അക്തറിനെ നിയോഗിച്ചിരുന്നു.
ഏകദേശം 15,000 ചതുരശ്ര അടി സ്ഥലത്ത് നിർമ്മിക്കാൻ പോകുന്ന പള്ളിയുടെ രൂപകൽപ്പന തയ്യാറാണെന്ന് അധികൃർ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോടു കൂടിയ പള്ളിയിൽ സോളാർ പാനലുകൾ സ്ഥാപിക്കും.പള്ളി പണിയാനായി അയോദ്ധ്യയിലെ ധന്നിപൂർ ഗ്രാമത്തിൽ അഞ്ച് ഏക്കർ സ്ഥലം നൽകാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
അയോദ്ധ്യയിൽ അനുവദിക്കപ്പെട്ട സ്ഥലത്ത് പള്ളി നിർമിക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിൽ കേന്ദ്രത്തിന്റെയും, ഉത്തർപ്രദേശ് സർക്കാരിന്റെയും, സുന്നി മുസ്‌ലിം വിഭാഗത്തിൽപ്പെട്ട പ്രതിനിധികളെ നാമനിർദേശം ചെയ്യണമെന്ന ഹർജി സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. അഭിഭാഷകരായ ശിശിർ ചതുർവേദി, കരുണേഷ് ശുക്ല എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയത്.