അഭിനന്ദനം; നിയമസഭയിലെ യുഡിഎഫ് വഴിയേ എൽഡിഎഫും; സന്തോഷം: ഫിറോസ്

0
181

അടുത്തിടെ കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയനീക്കം കൂടിയാണ് സിപിഎം തലസ്ഥാനത്ത് നടത്തിയത്. 21 വയസ്സുകാരി ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകുമ്പോൾ യുഡിഎഫ് പാളയത്തിൽ ചർച്ചകൾ കൊഴുക്കുമെന്ന് ഉറപ്പാണ്. തലമുറമാറ്റം, യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം എന്നിങ്ങനെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയർന്നുവരാറുള്ള സ്ഥിരം മുറവിളികൾ ശക്തമാക്കും എൽഡിഎഫിന്റെ ഈ നീക്കം. ഇതേ കുറിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറയുന്നതിങ്ങനെ:

‘ആദ്യം തന്നെ എൽഡിഎഫിനെ ഞാൻ അഭിനന്ദിക്കുകയാണ്. യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയത്തോട് ചേർന്നുനിൽക്കുന്നതിന്. യുവാക്കൾ മുന്നോട്ടുവരണ്ട ആവശ്യകതയെ കുറിച്ച് അവർ ശ്രദ്ധിച്ചിരിക്കുന്നു. ഇപ്പോൾ നിയമസഭ നോക്കിയാൽ നിങ്ങൾക്ക് മനസിലാകും ചെറുപ്പക്കാരുടെ വൻനിര തന്നെ യുഡിഎഫിന് ചൂണ്ടിക്കാണിക്കാം. എൽഡിഎഫ് എംഎൽഎമാരെക്കാൾ പ്രായം കുറഞ്ഞ മിടുക്കരായ ഒട്ടേറെ പേർ യുഡിഎഫ് എംഎൽഎമാരായി സഭയിലുണ്ട്. ലോക്സഭയിലും യുവാക്കൾക്ക് വലിയ പ്രാധാന്യം ഇത്തവണ പാർട്ടി നൽകിയിരുന്നു. അതിന്റെ വിജയവും കണ്ടു. 21 വയസുകാരി മേയർ ആകുന്നു എന്നതിനാെപ്പം തന്നെ വരും ദിവസങ്ങളിൽ അവരുടെ പ്രവർത്തനവും ഭരണവും കേരളം ചർച്ചചെയ്യും. പ്രായം മാത്രമല്ലല്ലോ വിലയിരുത്തലിന്റെ മാനദണ്ഡം. അവരുടെ പ്രകടനവും വിലയിരുത്തേണ്ടതുണ്ട്. എന്തായാലും രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ യുവജനത എത്തുന്നു. പാർട്ടികൾ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം  നൽകുന്നു എന്നത് സ്വാഗതാർഹമാണ്.’ ഫിറോസ് പറയുന്നു.

ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. പേരൂര്‍ക്കടയില്‍നിന്നു ജയിച്ച ജമീല ശ്രീധരന്‍, വഞ്ചിയൂരില്‍നിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാല്‍ യുവപ്രതിനിധി എന്നതാണ് ആര്യയ്ക്കു നറുക്കുവീഴാന്‍ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here