മലപ്പുറം: തലക്കാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡായ പാറശ്ശേരി വെസ്റ്റിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സഹീറ ബാനു തദ്ദേശ തിരഞ്ഞെടുപ്പിൽ ഇന്ന് 239 വോട്ടിന് വിജയിച്ചു. എന്നാൽ തന്റെ വിജയം കാണാൻ കാത്തുനിൽക്കാതെ ഇന്നലെ സഹീറ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വെളളിയാഴ്ച പാറശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുമായി ചികിത്സയിലായിരുന്നു സഹീറ. ഇന്നലെ വൈകുന്നേരം മൂന്നിന് ചികിത്സയിലിരുന്ന കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
സഹോദരന്റെ മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചാണ് സഹീറയ്ക്ക് അപകടം സംഭവിച്ചത്. തലക്കാട് സിപിഎം എൽ.സി അംഗമായ സഹീറ മുൻപ് 2000ലും 2010ലും ഇവിടെനിന്നും മത്സരിച്ച് വിജയിച്ചിരുന്നു. 2015ൽ യു.ഡി.എഫ് സീറ്റായ പൂക്കൈതയിൽ എട്ട് വോട്ടിന് പരാജയപ്പെട്ടു. നിലവിൽ സ്വതന്ത്ര സ്ഥാനാർത്ഥി സുലൈഖ ബീവിയെയാണ് സഹീറ ബാനു പരാജയപ്പെടുത്തിയത്. സഹീറ ബാനുവിന്റെ ഭർത്താവ് സയ്താലവി. മുഹമ്മദ് ബഷീർ, അഹമ്മജ് ഖാനം, റുബീന എന്നിവർ മക്കളാണ്. മരുമകൻ ഷഫ്നീദ്.