കാസർകോട് : ത്രിതല പഞ്ചായത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളാണ് ഉണ്ടാവുക. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങൾ. ഇടത്തുനിന്ന് ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണിൽ വിരൽ അമർത്തി വോട്ട് രേഖപ്പെടുത്താം. നഗരസഭകളിൽ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുണ്ടാവുക. ഇവിടെ വോട്ടർമാർ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാൽ മതി.
തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി എട്ട് രേഖകളിൽ ഏതെങ്കിലും ഹാജരാക്കാം.
തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൽ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.