നാളെ ആര് വീഴും ആര് വാഴും? 2015ലെ കണക്കുകൾ ഇങ്ങനെ

0
188

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആവേശം വോട്ടിംഗ് ശതമാനത്തിലും പ്രകടമാണ്. കനത്ത പോളിംഗ് ആണ് മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പിൽ ഉടനീളം ദൃശ്യമായത്. മൂന്നാംഘട്ട വോട്ടെടുപ്പും ഇന്നലെ അവസാനിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഒരു തിരിഞ്ഞുനോട്ടമാണിവിടെ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ആർക്കായിരുന്നു? ഏറ്റവും കൂടുതൽ വാർഡുകളിൽ ജയിച്ചത് ആര്? കോർപ്പറേഷനും ജില്ലാ പഞ്ചായത്തുകളും പിടിച്ചത് ഏത് മുന്നണിയായിരുന്നു? ഇത്തവണ മികച്ച വിജയം നേടുമെന്ന് പ്രധാന കക്ഷികൾ അവകാശപ്പെടുമ്പോൾ 2015ലെ ഫലം എങ്ങനെ ആയിരുന്നു എന്ന് പരിശോധിക്കാം.

ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് തിളക്കം

941 ഗ്രാമ പഞ്ചായത്തുകളിൽ 549ലും വിജയിച്ച് എൽ.ഡി.എഫ് ആണ് ഏറ്റവുമധികം ഗ്രാമപഞ്ചായത്തുകൾ നേടിയത്. 365 പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചു. എൻ.ഡി.എ പതിനാലും മറ്റുളളവർ പതിമൂന്നും നേടി. ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 7623 എണ്ണം എൽ.ഡി.എഫിനൊപ്പമായിരുന്നു. 6324 വാർഡുകളിൽ യു.ഡി.എഫും 933 എണ്ണത്തിൽ എൻ.ഡി.എയും 1078 വാർഡുകളിൽ മറ്റുളളവരും ജയിച്ചു.

ബ്ലോക്കിലും എൽ.ഡി.എഫ്

152 ബ്ലോക്ക് പഞ്ചായത്തുകളിൽ 90 എണ്ണം എൽ.ഡി.എഫ് നേടി. 61 എണ്ണം യു.ഡി.എഫും കൈവശപ്പെടുത്തി. എൻ.ഡി.എക്ക് ഒന്ന് പോലും കിട്ടിയില്ല. മറ്റുളളവരുടെ ഗണത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്തുണ്ട്. 1088 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളാണ് എൽ.ഡി.എഫ് നേടിയത്. 917 എണ്ണത്തിൽ യു.ഡി.എഫ് വിജയിച്ചു. എൻ.ഡി.എക്ക് 21 വാർഡുകൾ കിട്ടി. മറ്റുളളവർക്ക് 53 വാർഡുകളും ലഭിച്ചു.

ജില്ലകൾ തുല്യം

ജില്ലാ പഞ്ചായത്ത് തുല്യമായി നേടുകയായിരുന്നു എൽ.ഡി.എഫും യു.ഡി.എഫും. ഏഴ് വീതം ഇരുവരും കൈവശപ്പെടുത്തി. 170 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ എൽ.ഡി.എഫും 145 ഡിവിഷനുകളിൽ യു.ഡി.എഫും വിജയിച്ചു. മൂന്ന് ഡിവിഷനുകൾ എൻ.ഡി.എക്കും നാല് ഡിവിഷനുകൾ മറ്റുളളവർക്കും കിട്ടി. ഇത്തവണ കൂടുതൽ ജില്ലാ പഞ്ചായത്തുകൾ പിടിക്കുമെന്നാണ് പ്രബല മുന്നണികളുടെ വാദം.

മുൻസിപ്പാലിറ്റി പിടിച്ച് യു.ഡി.എഫ്

87 മുൻസിപ്പാലിറ്റികളിൽ 44 എണ്ണം നേടിയത് എൽ.ഡി.എഫ് ആയിരുന്നു. 41 എണ്ണം യു.ഡി.എഫും നേടി. എൻ.ഡി.എക്ക് ഒരു മുൻസിപ്പാലിറ്റി ലഭിച്ചു. 1263 മുൻസിപ്പൽ ഡിവിഷനുകളിൽ ജയിച്ചത് എൽ.ഡി.എഫ് ആണ്. എന്നാൽ 1318 ഡിവിഷനുകൾ ലഭിച്ചത് യു.ഡി.എഫിനാണ്. എൻ.ഡി.എക്ക് 236 ഉം മറ്റുളളവർക്ക് 259ഉം ഡിവിഷനുകൾ ലഭിച്ചു.

കോർപ്പറേഷൻ എൽ.ഡി.എഫിനൊപ്പം

ആറ് കോർപ്പറേഷനിൽ നാലും പിടിച്ചത് എൽ.ഡി.എഫ് ആയിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന് കിട്ടി. 196 കോർപ്പറേഷൻ ഡിവിഷനുകൻ എൽ.ഡി.എഫിനും 143 എണ്ണം യു.ഡി.എഫിനും കിട്ടി. എൻ.ഡി.എക്ക് 51 ഡിവിഷനുകൾ ലഭിച്ചു. മറ്റുളളവർക്ക് 24ഉം കിട്ടി. കോർപ്പറേഷനുകളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഇത്തവണ തിരുവനന്തപുരമാണ്.

തലസ്ഥാനം ആര് പിടിക്കും?

തിരുവനന്തപുരം കോര്‍പറേഷന്‍ ഇത്തവണ ബിജെപി പിടിക്കുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ തവണ യുഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ എല്‍ഡിഎഫിനെയും പിന്നിലാക്കുമെന്നാണ് ബിജെപിയുടെ വാദം. പ്രമുഖരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇത് തടയാന്‍ എല്ലാ ശ്രമങ്ങളും സിപിഎം നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here