മഞ്ചേശ്വരം: കുമ്പള തീരദേശ പൊലീസിലെ പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് പിടിയില്‍. മംഗളൂരുവിന് സമീപത്ത് നിന്ന് പിടിയിലായ ബോട്ട് മഞ്ചേശ്വരം ഹാര്‍ബറില്‍ എത്തിച്ച് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംഭവത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന 12 പേര്‍ക്കെതിരെ തീരദേശ പൊലീസ് കേസെടുത്തിരുന്നു. ഇവരില്‍ ഒന്‍പതുപേര്‍ ഇന്നു കീഴടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നാളെ കീഴടങ്ങുമെന്നാണ് ഏറ്റവും ഒടുവില്‍ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഈ മാസം 21ന് ആണ് കേസിനാസ്‌പദമായ സംഭവം.
തീരദേശ പൊലീസ് എസ് ഐ കെ പി രാജീവ്‌കുമാറിന്റെ നേതൃത്വത്തില്‍ കടലില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലായിരുന്നു സംഭവം. രേഖകളില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. പിടിയിലായ ബോട്ടില്‍ തീരദേശ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘു, സുധീഷ് എന്നിവര്‍ കയറുകയും മഞ്ചേശ്വരം ഹാര്‍ബറിലേക്ക് അടുപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
ഹാര്‍ബറില്‍ എത്താന്‍ ചെറിയ ദൂരം മാത്രം ബാക്കിയിരിക്കെ പൊലീസുകാരുമായി ബോട്ട് കടലിലേക്ക് മടങ്ങി. രാവിലെ 10.30 മുതല്‍ വൈകുന്നേരം 2.30 മണിവരെ കടലില്‍ കറങ്ങി നടക്കുകയും ബോട്ടില്‍ ഉണ്ടായിരുന്നവര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും യൂണിഫോം അഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ബോട്ട് പണമ്പൂര്‍ ഹാര്‍ബറില്‍ എത്തിയത്. എന്നിട്ടും പൊലീസുകാരെ കരയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ചുവെന്നാണ് കേസ്. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസുകാരെ വിട്ടയച്ചത്.