കാഞ്ഞങ്ങാട്ടേത് രാഷ്ട്രീയ കൊലയെന്ന് ഇപ്പോള്‍ പറയാനാകില്ല: പൊലീസ് മേധാവി

0
188

കാസർകോട്, കാഞ്ഞങ്ങാട് മുണ്ടത്തോട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നത് രാഷ്ട്രീയ കൊലപാതകമാണോ എന്നാൽ ഇപ്പോൾ പറയാനാകില്ലെന്ന് ജില്ല പൊലീസ് മേധാവി. കല്ലൂരാവി സ്വദേശി അബ്ദുൽ റഹ്മാൻ എന്ന ഔഫാണ് കൊല്ലപ്പെട്ടത്. ഔഫിന്റെ കൂടെയുണ്ടായിരുന്ന ഷുഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ് ഉൾപ്പെടെ മൂന്നുപേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി പത്തേകാലോടെയാണ് അബ്ദുൽ റഹ്മാനെ മൂന്നംഗസംഘം കുത്തി വീഴ്ത്തിയത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ ഔഫിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എ.പി. സുന്നി വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്. കാഞ്ഞങ്ങാട് നഗരസഭയിലെ 35 ആം വാർഡ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് എല്‍ഡിഎഫ് തിരിച്ചുപിടിച്ചിരുന്നു. തുടർന്ന് നടന്ന എല്‍ഡിഎഫ് ആഹ്ലാദ പ്രകടനത്തിലും ഔഫ് പങ്കെടുത്തു. ഇതെല്ലാം പ്രകോപന കാരണമായെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന സുഹൃത്തു ഷുഹൈബ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് ആണ് ജില്ലാ പൊലീസ് മേധാവി പ്രതികരണം.

ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് ഔഫിനെ ആശുപത്രിയിൽ എത്തിച്ച നാട്ടുകാരൻ റിയാസ് പറഞ്ഞു.

കേസിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദ് സംഘർഷത്തിൽ പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മുണ്ടത്തോട് സ്വദേശികളായ മറ്റു രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here