ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചുട്ട മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനിൽക്കുമെന്ന് ഒവൈസി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യോഗി ആദിത്യനാഥ് നഗരത്തിന് പുതിയ പേര് നിർദേശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ ബിജെപി വിജയിച്ചാൽ നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റും എന്നായിരുന്നു പ്രസ്താവന.
മുൻപ് ഫൈസാബാദിനെ അയോധ്യയെന്നാക്കി നാമകരണം ചെയ്തുവെന്നും അലഹാബാദിനെ പ്രയാഗ് രാജ് എന്നാക്കി പേര് മാറ്റിയെന്നും സമാന രീതിയിൽ ഹൈദരാബാദിനെ ഭാഗ്യനഗർ എന്നാക്കാമെന്നുമാണ് യോഗി പറഞ്ഞത്.
അതേസമയം, ഹൈദരാബാദിന്റെ പേര് മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് വോട്ടിന്റെ രൂപത്തിൽ മറുപടി നൽകണമെന്ന് ഒവൈസി പൊതുജനത്തോട് അഭ്യർത്ഥിച്ചു.