ലോസ്ആഞ്ചലസ് : ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കൊണ്ടുവന്ന ഹൃദയം അതിജീവിച്ചത് രണ്ട് വൻ അപകടങ്ങളെ. ഒന്ന് ഹെലികോപ്ടർ അപകടം. മറ്റൊന്ന് അബദ്ധത്തിൽ ഒരു ആരോഗ്യ പ്രവർത്തകന്റെ കൈയ്യിൽ നിന്നും ഹൃദയം താഴെ വീണു. ! എന്നിട്ടും കേടുപാടുകൂടാതെ ആ ഹൃദയം തന്നെ വിജയകരമായി രോഗിയ്ക്ക് മാറ്റി വയ്ക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
സാന്റിയാഗോയിൽ നിന്നും ഹൃദയവുമായി വന്ന ഹെലികോപ്ടർ കിഴക്കൻ ലോസ്ആഞ്ചലസിലുള്ള ആശുപത്രിയ്ക്ക് മുകളിൽ തകർന്നു വീഴുകയായിരുന്നു. ആശുപത്രിയ്ക്ക് മുകളിൽ ഹെലിപാഡിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ഹെലികോപ്ടർ മറിയുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു.
പൈലറ്റിനും നിസാരമായ പരിക്കുകൾ മാത്രമാണുണ്ടായിരുന്നത്. അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഹെലികോപ്ടർ തുരന്ന് അതിനുള്ളിൽ നിന്നും ഹൃദയം പുറത്തെടുക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങളെ കാണാം. ഹൃദയം അങ്ങനെ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ അവിടം കൊണ്ട് അവസാനിച്ചില്ല കാര്യങ്ങൾ.
ഹൃദയം ഒരു ആരോഗ്യ പ്രവർത്തകന് കൈമാറി. അതും കൊണ്ട് അയാൾ വേഗത്തിൽ ആശുപത്രിയ്ക്കുള്ളിലേക്ക് നടക്കുന്നതിനിടെ ഹെലികോപ്ടറിന്റെ അവശിഷ്ടത്തിൽ കാൽ തട്ടി നിലത്തുവീണു. കൈയ്യിൽ നിന്നും ഹൃദയവും നിലത്ത് വീഴുന്നത് കാണാം. പക്ഷേ, ഭാഗ്യമെന്ന് പറയപ്പെട്ടെ, ആ ഹൃദയം അപ്പോഴും പ്രവർത്തന സജ്ജമായിരുന്നു.
നിലത്ത് വീണ ഹൃദയം കൈകളിലെടുത്ത് ആരോഗ്യ പ്രവർത്തകർ വേഗത്തിൽ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതും ദൃശ്യങ്ങളുണ്ട്. ഹൃദയം വിജയകരമായി രോഗിയ്ക്ക് മാറ്റി വയ്ക്കുകയും ചെയ്തു എന്ന് ആശുപത്രി അധികൃതർ പുറത്തുവിട്ട പ്രസ് റിലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൃദയം മാറ്റി വയ്ക്കപ്പെട്ട രോഗിയുടെ ആരോഗ്യനിലയെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.