സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ തിരുത്തി വ്യാജ പ്രചരണം; നിയമ നടപടിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

0
237

മുക്കം: വനിതാ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ തിരുത്തി വ്യാജ പ്രചരണം നടത്തിയതിനെതിരെ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. മുക്കം നഗരസഭയിലെ 18 ആം വാര്‍ഡില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സാറ കൂടാരത്തിന്റെ പേരിലാണ് വ്യാജ പോസ്റ്ററും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഡി.ജി.പി. ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

വോട്ടഭ്യര്‍ഥിക്കാനായി വാര്‍ഡ് കമ്മിറ്റി തയാറാക്കിയ പോസ്റ്ററില്‍ ‘ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന എഴുത്തും യു.ഡി.എഫ് – വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുടെ ഫോട്ടോയും കൃത്രിമമായി ഉള്‍പ്പെടുത്തിയായിരുന്നു പ്രചരണം. മൗലാനാ അബുല്‍ ആലാ മൌദൂദി, ലീഗ് നേതാക്കളായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലികുട്ടി എന്നിവരുടെ ചിത്രങ്ങളായിരുന്നു പോസ്റ്ററില്‍ ഉപയോഗിച്ചത്.

ഇത്തരം വ്യാജ പ്രചാരണങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സ്ഥാനാര്‍ത്ഥി സാറ കൂടാരം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഞാനും എന്റെ പാര്‍ട്ടിയും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന് കടക വിരുദ്ധവുമായ ആശയങ്ങളുള്ള ഇത്തരം വ്യാജ പ്രചാരണങ്ങളെ ഞങ്ങള്‍ നിയമപരമായും രാഷ്ട്രീയ പരമായും നേരിടും. സ്ത്രീകള്‍ക്കെതിരായി വ്യാജ പോസ്റ്ററുകള്‍ ഉണ്ടാക്കുന്നതിനും അവരുടെ പോസ്റ്ററുകള്‍ എഡിറ്റ് ചെയ്യുന്നതിനും എതിരെ കര്‍ശനമായ നടപടി എടുക്കുമെന്നാണ് ബഹുമാനപ്പെട്ട ഡി.ജി.പി ഈ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു സ്ത്രീയും ന്യൂനപക്ഷ സമുദായംഗവുമായ എന്റെ പേരില്‍ ഇങ്ങനെയൊരു വ്യാജ പോസ്റ്റര്‍ ഉണ്ടാക്കിയവര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ കര്‍ശന നടപടി എടുക്കേണ്ടതുണ്ടെന്നും സാറ കൂടാരം പറഞ്ഞു.

ന്യൂനപക്ഷ രാഷ്ട്രീയം പറയുന്നവര്‍ക്കെതിരില്‍ തീവ്രവാദ മുദ്ര കുത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം കൂടിയാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും സ്ഥാനാര്‍ത്ഥിത്വവും. ആ രാഷ്ട്രീയത്തോട് പോരാടാന്‍ പറ്റാത്തവരുടെ പരാജയ ഭീതിയാണ് ഇത് പോലുള്ള നീച പ്രവൃത്തികള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്. അവരെ തുറന്ന് കാട്ടുക തന്നെ ചെയ്യുമെന്നും സാറാ കൂടാരം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് ജില്ലാ പൊലീസ് കമ്മീഷണര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍, കേരള ഇലക്ഷന്‍ കമ്മീഷണര്‍ ,കേരള മുഖ്യമന്ത്രി, ഡി.ജി.പി , റിട്ടേണിംഗ് ഓഫീസര്‍ , മുക്കം പൊലീസ് എന്നിവര്‍ക്കാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്

LEAVE A REPLY

Please enter your comment!
Please enter your name here