കോഴിക്കോട്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന്റെ അറസ്റ്റിനെ പ്രതിരോധിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്. മംഗലാപുരത്തെ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2012 ല്‍ പി.വി അന്‍വര്‍ പണം തട്ടിയെടുത്തെന്നാണ് കേസ്. പ്രവാസിയായ നടുത്തൊടി സലിം നൽകിയ പരാതിയിൽ 2017ലാണ് മഞ്ചേരി പൊലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്.
കേസിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് സലിം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. അന്‍വറിനെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയാലുടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരാതിക്കാരനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും അന്‍വറിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ഹൈക്കോടതി ഉത്തരവിനെതിരെ അന്‍വർ നൽകിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ എം.സി മൊയ്തീന്‍ എം.എല്‍.എ അറസ്റ്റിലായ സാഹചര്യത്തിലാണ് പി.വി അന്‍വറിനെതിരായ കേസിലും നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രചാരണത്തിനൊരുങ്ങുന്നത്.
സലിം നടുത്തൊടി പരാതിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ പി.വി അന്‍വര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നത് വരെ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകാനാണ് യൂത്ത് ലീഗിന്റെ തീരുമാനം. വിദേശത്തുള്ള സലിം നടുത്തൊടിയെ നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടരുന്നുണ്ട്. മംഗലാപുരത്തെ ക്രഷര്‍ യൂണിറ്റില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് പി വി അന്‍വര്‍ എംഎല്‍എ നിക്ഷേപം സ്വീകരിച്ചിരുന്നു. സലിം പരാതി നല്‍കിയ സമയത്ത് മറ്റൊരാണ് പാട്ടത്തിന് ക്വാറി നടത്തിയിരുന്നത്. സര്‍ക്കാറിന്റ പാട്ടഭൂമിയിലുള്ള ക്വാറിയിൽ പിന്നീട് അന്‍വറും പങ്കാളിയായി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് സിപിഎം അനുഭാവിയായ സലിം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് ഉള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് സലിം.
കക്കാടംപൊയിലിലെ വാട്ടര്‍ തീംപാര്‍ക്ക്, ചീങ്കണ്ണിപ്പാലിയിലെ തടയണ, തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ അപാകതകള്‍, മനാഫ് കൊലക്കേസിലെ ഇടപെടല്‍ എന്നീ ആരോപണങ്ങൾ നേരത്തെ അൻവറിനെതിരെ ഉയർന്നിരുന്നു. അന്‍വറിന് എതിരായ സാമ്പത്തിക തട്ടിപ്പ് പ്രചാരണായുധമാക്കി സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കാനാണ് യൂത്ത് ലീഗ് തീരുമാനം.