അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരമാല രൂപപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീരദേശങ്ങളിലും പര്‍വ്വത മേഖലകളിലുമുള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവിട്ടത്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കുമെന്നും കടല്‍ കലുഷിതമാകുമെന്നും അറിയിപ്പില്‍ പറയുന്നു. അറേബ്യന്‍ ഗള്‍ഫിലെ തീരപ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ നാലു മണിക്കും ഞായറാഴ് രാവിലെ നാലു മണിക്കും ഇടയില്‍ തിരമാലകള്‍ നാലു മുതല്‍ ഏഴ് അടി വരെ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.
അന്തരീക്ഷം മേഘാവൃതമാകുമെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും താപനില കുറയുമെന്നും കാലാവസ്ഥാ വിഭാഗം അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 33 ഡിഗ്രി സെല്‍ഷ്യസാകും ഉയര്‍ന്ന താപനില.അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി പൊലീസിനെ വിളിക്കാം. നമ്പര്‍ -999. ദുബൈ മുന്‍സിപ്പാലിറ്റ്- 800900.